കട്ടപ്പന: ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന് മലനാട് യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. യൂണിയനിലുള്ള 38 ശാഖായോഗ കേന്ദ്രങ്ങളും പ്രധാന വീഥികളും കൊടിതോരണങ്ങളാലും മറ്റ് അലങ്കാരങ്ങളാലും മലനാടിനെ കൂടുതൽ മനോഹരമാക്കുന്നു. ചിങ്ങം ഒന്നിന് യൂണിയനിൽ 38 ശാഖായോഗങ്ങളിലും പതാകദിനം ആചരിച്ചു. ശാഖായോഗങ്ങൾ, പോഷകസംഘടനകൾ, കുടുംബയോഗങ്ങൾ എന്നിവ ചതയാഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.

ബാലജനയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കലാകായികമത്സരങ്ങൾ, കലാപരിപാടികൾ എന്നിവ അത്തം മുതൽ ശാഖായോഗങ്ങളിൽ നടക്കും.ഗുരുദേവക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, വർണ്ണപ്പകിട്ടാർന്ന സാംസ്‌ക്കാരിക ഘോഷയാത്രകൾ, കലാപരിപാടികൾ, ജയന്തിദിനസമ്മേളനങ്ങൾ, പഠനക്ലാസ്സുകൾ, ചതയസദ്യ, വിദ്യാഭ്യാസ സ്‌ക്കോളർഷിപ്പ് വിതരണം എന്നിവ ജയന്തിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും.

സമാധാനവും സ്‌നേഹവും നണമയും പുലരുന്ന ഒരു നാട് എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നതുമായ ഒത്തുചേരലുകളായിരിക്കും മലനാട് യൂണിയനിൽ സെപ്റ്റംബർ 10 ജയന്തി നാളിൽ നടക്കുന്നതെന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.

ഉപ്പുതറ, അയ്യപ്പൻകോവിൽ, കട്ടപ്പന, ആലടി, കൽത്തൊട്ടി, മുത്തംപടി, പുറ്റടി, ആലംപള്ളി, പോത്തിൻകണ്ടം, തുളസിപ്പാറ, കൂട്ടാർ, കൊച്ചുതോവാള, കാമാക്ഷി, വലിയതോവാള, അമരാവതി, കമ്പംമെട്ട്, മയിലാടുംപാറ, ചെമ്പകപ്പാറ, തൊപ്പിപ്പാള, അന്യാർതൊളു, മാട്ടുതാവളം, ചക്കുപള്ളം, ഈട്ടിത്തോപ്പ്, വാഴവര, കൊച്ചറ, ചീന്തലാർ, കാഞ്ചിയാർ, ചേറ്റുകുഴി, കോവിൽമല, കുഴിത്തൊളു, ചപ്പാത്ത്, വളകോട്, കട്ടപ്പന നോർത്ത്, ശാന്തിഗ്രാം, നരിയംപാറ, വെള്ളയാംകുടി, പുളിയൻമല, പുളിയൻമല സെൻട്രൽ ശാഖകളിൽ ക്ഷേത്രപൂജാകർമ്മങ്ങൾ, ഗുരുദേവകൃതികളുടെ പാരയണവും, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, ബാന്റ്‌മേളം, അലങ്കാരക്കാവടികൾ, നിശ്ചലദൃശ്യങ്ങൽ, പ്രഛന്നവേഷങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ വർണ്ണശബലമായ ഘോഷയാത്രകളും, പൊതുസമ്മേളനങ്ങളും, സ്‌കോളർഷിപ്പ് വിതരണവും, ചതയസദ്യയും, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം, ബാലജനയോഗം തുടങ്ങിയ പോഷകസംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ കലാപരിപാടികളും വടംവലി, ഓണപ്പാട്ട്, അത്തപ്പൂക്കളം, തുടങ്ങിയ മത്സരങ്ങളും നടക്കും.