ഇടുക്കി ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ്ഇന്ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടക്കും. രാവിലെ 9 മണിക്ക് ഭാരനിർണ്ണയം ആരംഭിക്കുന്ന മത്സരം 11 ന് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 25 ക്ലബ്ബുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും 250 ൽപരം താരങ്ങൾ പഗ്ഗെടുക്കും . ഒക്‌ടോബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന ചാമ്പ്യൻഷിപ്പാണ് നടക്കുന്നത്. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ക്ലാസ്സുകളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷ, വനിതാ, അംഗപരിമിത മത്സരങ്ങളുണ്ടാകും. സ്‌പോട്‌സ് കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കായിക ഇനമായ പഞ്ചഗുസ്തി വിജയികൾക്ക് ഗ്രേസ് മാർക്ക് പഠന തലത്തിൽ ലഭിക്കുന്നതായും നിരവധി വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ജില്ലയിൽ ലഭിച്ചതായും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കിയ താരങ്ങളെ ചടങ്ങിൽ ആദരിക്കും. വൈകുന്നേരം 7.30ന് മാത്യു കുഴൽനാടൻ എം.എൽ.എ.സമ്മാനദാനം നിർവ്വഹിക്കും. തൊടുപുഴയിൽ ഓണാഘോഷത്തിന് മാറ്റുകൂട്ടുവാനാണ് ചാമ്പ്യൻഷിപ്പ് ചിങ്ങമാസത്തിൽ സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചഗുസ്തി അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കോക്കാട്ട്, ജില്ലാ പ്രസിഡന്റ് ജേക്കബ് പിണക്കാട്ട്, സെക്രട്ടറി ടി.ആർ. ജലദാസ്, രക്ഷാധികാരി പി.കെ. ഫൈസൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.