അടിമാലി: ഓണാഘോഷ പരിപാടികളുടെ ഭാഗമായി അടിമാലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷട്ടിൽ ടൂർണ്ണമെന്റ് ആരംഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച ടൂർണ്ണമെന്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോബി കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. ബാബു ജോർജ്, വൈസ് പ്രസിഡന്റ് വർഗീസ് പീറ്റർ കാക്കനാട്ട്, ഗെയിംസ് വിഭാഗം കൺവീനർ സദാശിവൻ എടപ്പാട്ട് എന്നിവർ പ്രസംഗിച്ചു. അറുപതിൽപരം ടീമുകൾ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ അണിനിരക്കും. ശ്രാവണ സന്ധ്യ എന്ന പേരിൽ ഞായറാഴ്ച വൈകിട്ട് 3ന് നടക്കുന്ന ഓണാഘോഷ സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന സെക്രട്ടറി കെ.എൻ ദിവാകരൻ ഓണ സന്ദേശം നൽകും. പ്രസിഡന്റ് ജോബി കെ ജോസഫ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡുകൾ സമ്മേളനത്തിൽ സമ്മാനിക്കും. വിവിധ പരമ്പരഗത ഇനങ്ങളിൽ ഉൾപ്പെട്ട മത്സരങ്ങളും നടക്കുമെന്ന് പി.ആർ.ഓ സി.വി രാജൻ പറഞ്ഞു.