തൊടുപുഴ: ഓണസദ്യയ്‌ക്കൊപ്പം ഏത്തയ്ക്കാ ഉപ്പേരിയും ശർക്കരവരട്ടിയുമില്ലെങ്കിൽ മലയാളിക്ക് നിർബന്ധമാണ്. ബേക്കറികൾക്ക് പുറമേ നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായും ഉപ്പേരി നിർമ്മിച്ച് വിൽപ്പനയുണ്ട്. ഇത്തരിൽ വടക്കംമുറിയിൽ 16 സ്ത്രീകൾ നടത്തുന്ന സ്വയംസഹായ സംഘമായ ശ്രീ ദുർഗ അക്ഷയശ്രീ ജില്ലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘങ്ങളിലൊന്നാണ്. വീട്ടമ്മമാരായ ഇവർ ഓണം അടുത്തതോടെ നല്ല തിരക്കിലാണ്. നാലുപ്പേരി, വട്ടഉപ്പേരി, ശർക്കര വരട്ടി, ചീട എന്നിവയാണ് ഇവർ നിർമ്മിക്കുന്ന പ്രധാന ഉത്പന്നങ്ങൾ. ഭൂരിഭാഗം ഉത്പന്നങ്ങളും ഇതിനകം വിറ്റുകഴിഞ്ഞു. അരക്കിലോയുടെ പാക്കറ്റിലാക്കിയാണ് വിൽപന. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ ചേർത്ത് രാസവസ്തുക്കളൊന്നും ചേർക്കാതെ നിർമ്മിക്കുന്നതിനാൽ വില സ്വൽപ്പം കൂടിയാലും ആരോഗ്യത്തിന് ഒരു ദോഷവുമുണ്ടാകില്ലെന്ന് വീട്ടമ്മമാർ പറയുന്നു. പത്മിനി ആർ.കെ. പിള്ള, സുധ വേണുഗോപാൽ, ജയശ്രീ സോമൻ, ലേഖ സന്തോഷ്, പദ്മിനി എസ്. പിള്ള, കല ശ്രീനാഥ്, ബിന്ദു രാധാകൃഷ്ണൻ, നീതു സന്തോഷ് എന്നീ വീട്ടമ്മമാരാണ് കഴിഞ്ഞ ഓണത്തിന് ആരംഭിച്ച സംഘത്തിന് പിന്നിലുള്ളത്.
ഉപ്പേരി വില മാനംമുട്ടെ
ഓണവിപണി സജീവമാകും മുമ്പ് തന്നെ ഉപ്പേരിവില തീപിടിച്ചപ്പോലെ പറക്കുകയാണ്. നല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ഉപ്പേരിയ്ക്ക് കിലോയ്ക്ക് 450- 500 രൂപയാണ് നിലവിലെ വില. ഏത്തക്കാ ക്ഷാമമാണ് വില ഉയരാണ് കാരണം. ഓണത്തിന് പാകമാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർക്ക് കനത്ത മഴ തിരിച്ചടിയായി. ഏത്തയ്ക്കാ കിലോ 56- 60 രൂപയാണ് വില. ശർക്കരവരട്ടിയ്ക്ക് ഉപ്പേരിയേക്കാൾ വിലയാണ്. കിലോ 550- 600 രൂപയാണ് കിലോ വില. നല്ല ശർക്കരയ്ക്ക് കിലോ 90 രൂപ വിലവരും. ശർക്കരയുടെ ഗുണനിലവാരം കുറയുന്നതനുസരിച്ച് വരട്ടിയുടെ വിലയും കുറയും. കൊവിഡ് മാന്ദ്യത്തിൽ നിന്ന് കരകയറിയ ശേഷമുള്ള ആദ്യ ഓണക്കച്ചവടം പൊടിപൊടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. പൂരാട ഉത്രാട പാച്ചിലോടെ ഉപ്പേരി വിപണിയിൽ വില ഉയരുമെന്നാണ് കരുതുന്നത്.
വില വിവരം (കിലോയ്ക്ക്)
ശർക്കരവരട്ടി- 550- 600
നാലുപ്പേരി- 450- 500
വട്ട ഉപ്പേരി- 450- 500
ചീട- 450- 500 രൂപ