കുമളി : ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല ഊർജ്ജിത പാൽ പരിശോധനയ്ക്കായി കുമളി ചെക്ക് പോസ്റ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പാൽ പരിശോധനാ ലബോറട്ടറി ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ എത്തിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ശുദ്ധമായ പാൽ പീരുമേട് നിയോജക മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയണമെന്നും തോട്ടം മേഖലയിൽ ക്ഷീര വികസന പദ്ധതികൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. . അതിർത്തി കടന്നു വരുന്ന പാലിന്റെയും മാർക്കറ്റിൽ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ചു ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല പ്രത്യേക പാൽ പരിശോധന നടത്തുന്നത്. കുമളി പഞ്ചായത്ത്പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.
പരിശോധന സാമ്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ടുകൾ ദിവസവും വൈകുന്നേരം സർക്കാരിലേക്ക് അയക്കും. മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോർമാലിൻ ഉൾപ്പെടെയുള്ള എതെങ്കിലും രാസവസ്തുക്കൾ പാലിൽ ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. ആദ്യ പാൽ സാമ്പിൾ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് സ്വീകരിച്ചു.
ക്ഷീര വികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ മഹേഷ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, ഫുഡ് ആന്റ് സേഫ്ടി വിഭാഗം അധികൃതർ, ക്ഷീര വികസന വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.