സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പുറത്ത്
തൊടുപുഴ: ദേശീയ പാത 85ന്റെ ഭാഗമായ മൂന്നാർ- ഗ്യാപ്പ് റോഡിൽ നടന്ന അനധികൃത ഖനനത്തിൽ 91 കോടി രൂപയുടെ പരിസ്ഥിതി നാശമുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. 6.28 ലക്ഷം ടൺ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിയതായി ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അനധികൃത ഖനനത്തെ തുടർന്നുണ്ടായ മലയിടിച്ചിലിൽ 17.24 ഹെക്ടർ സ്ഥലത്തെ കൃഷി ഭൂമി നശിച്ചു.
ദേശീയ പാതയുടെ നിർമ്മാണത്തിന്റെ മറവിൽ നടന്ന പാറ ഖനനത്തിൽ കോടികളുടെ പരിസ്ഥിതി നാശമുണ്ടായെന്ന് മലനീകരണ നിയന്ത്രണ ബോർഡ് തന്നെ സമ്മതിക്കുകയാണ്. ലഭ്യമായ കണക്കുകൾ പരിശോധിച്ചതിൽ നിന്ന് മാത്രം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടെന്നാണ് കണ്ടെത്തൽ. റോഡിന്റെ മദ്ധ്യത്തിൽ നിന്ന് 7.5 മീറ്റർ വീതി കൂട്ടാനായിരുന്നു തീരുമാനം. എന്നാൽ പാറയുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി ഇതിലും കൂടി. ഗ്യാപ്പ് റോഡ് ഉൾപ്പെടുന്ന 2.5 കിലോമീറ്ററിൽ മാത്രമുണ്ടായ നാശമാണിത്. മറ്റ് സ്ഥലകളിൽ നടന്ന അനധികൃത ഖനനത്തെ കുറിച്ച് റപ്പോർട്ടിൽ പരാമർശമില്ല. അനധികൃത പാറ ഖനനത്തെ തുടർന്ന് പല തവണ ഇവിടെ മണ്ണ് ഇടിച്ചിലുണ്ടായി. മണ്ണിടിച്ചിൽ 17.24 ഹെക്ടർ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതായി മാറി. ജീവനുകൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും വീട് വാസയോഗ്യമല്ലാതായി മാറിയതിനെ കുറിച്ചും റപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കൊച്ചിയിലെ ഗ്രീൻവത്ത് ഇൻഫ്രാസ്ട്രച്ചർ എന്ന ഉപ കരാറുകാരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പാറ വിലയായി 4.5 കോടി രൂപ ഈടാക്കി അനധികൃത ഖനനം തീർപ്പാക്കാനായിരുന്നു നീക്കം. പിന്നീട് ഇത് 30 കോടിയായി വർദ്ധിപ്പിച്ചു. എന്നാൽ ഈ തുക പോലും കരാറുകാരിനിൽ നിന്ന് ഈടാക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല. കാരാറുകാരനെതിരെ പൊതു മുതൽ കൊള്ളയടിച്ചതിന് നിയമ നടപടി സ്വീകരിക്കാനും റവന്യൂ വകുപ്പ് മടിച്ചു. ഒടുവിൽ കളമശ്ശേരി സ്വദേശി ഗരീഷ് ബാബു നൽകിയ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ ഇതിൽ യാതൊരു തുടർ നടപടിയുമുണ്ടായില്ല.
ചരിത്ര പാത
1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചപ്പോൾ റെയിലിന് ബദലായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ദേവികുളം ഗ്യാപ്പ് റോഡ്. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതല ഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൊച്ചി കേന്ദ്രമായ റോഡ് നിർമ്മാണ കമ്പനിയ്ക്ക് റോഡ് നിർമ്മിക്കുന്നതിലല്ല, പാറ പൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം.