മുട്ടം: മർച്ചന്റ്സ് അസോസിയേഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മുട്ടം ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് - 2022 ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിന് മുട്ടം കോടതിക്കവലയിൽ നിന്ന് മുട്ടം ടാക്സി സ്റ്റാന്റിലേക്ക് നടത്തിയ സാംസ്കാരിക ഘോഷയാത്ര മുട്ടം എച്ച്.എസ്.ഒ പ്രിൻസ് ജോസഫ് ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് ടുവീലർ ഫാൻസിഡ്രസ് മത്സരവും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടത്തി. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുനിത സി.വി. മുഖ്യപ്രഭാഷണം നടത്തി. ഫെസ്റ്റ് ജനറൽ കൺവീനറും തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റുമായ എൻ.കെ. ബിജു, മറ്റ് ജനപ്രതിനിധികൾ, വിവിധ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു. കൊച്ചിൻ റൊമാന്റിക് അവതരിപ്പിച്ച കോമഡി ആന്റ് മ്യൂസിക്കൽ ഷോയും കജാംബദാം ഷോയും അവതരിപ്പിച്ചു. ഇന്ന് രാവിലെ 10 മുതൽ അത്തപ്പൂക്കളം, ജനകീയ വടം വലി, കസേരകളി, മിഠായിപെറുക്കൽ, എണ്ണമരത്തേൽ കയറ്റം, ചാക്കിലോട്ടം, സുന്ദരിക്ക് പൊട്ട് കുത്തൽ, ഉറിയടി എന്നിങ്ങനെയുള്ള മത്സരങ്ങളും നടക്കും.