തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. ഈ മാസം ഒന്നു മുതൽ നടത്തിയ പ്രത്യേക പരിശോധനയിൽ ആദ്യ നാലു ദിവസങ്ങളിൽ തന്നെ 47 ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 1,​0​3,​000 രൂപ പിഴ ഈടാക്കി. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ചുകൊണ്ട് യഥാസമയം മുദ്രപതിപ്പിക്കാതെ, കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപന നടത്തിയതിനാണ് 37 വ്യാപാരസ്ഥാപങ്ങൾക്കെതിരെ നടപടിയെടുത്തത്. രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വില്പന നടത്തിയതിനും പായ്ക്കിങ്ങ് രജിസ്‌ട്രേഷൻ എടുക്കാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപന നടത്തിയതിനും നാല് വീതം വ്യാപാരസ്ഥാപനങ്ങൾക്ക് പിഴയീടാക്കി. നിർദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതെ വില്പനനടത്തിയതിനും അളവിൽ കുറവ് വിൽപന നടത്തിയത് കണ്ടെത്തിയതിനും ഓരോ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്. പരിശോധനയ്ക്ക് അസിസ്റ്റന്റ് കൺട്രോളർ ഷിന്റോ എബ്രാഹം, ഇൻസ്‌പെക്ടർമാരായ എൽദോ ജോർജ്, വിപിൻ യു.വി, സഞ്ജയ് സോമൻ, അബ്ദുള്ള എം.എ എന്നിവർ നേതൃത്വം നൽകി. പരിശോധനയിൽ എം.എസ് ശ്രീകുമാർ, സനിൽ കുമാർ സി.എസ്, അനിൽ കുമാർ സി.വി, ബഷീർ വി. മുഹമ്മദ്, ഹരീഷ് കെ, ജുബി രാജു എന്നിവർ പങ്കെടുത്തു.

'പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നതാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും."

-ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ എസ്. ഷെയ്ക് ഷിബു