പീരുമേട്: കാലാവസ്ഥാന വ്യതിയാനമടക്കമുള്ള പ്രതിസന്ധികൾ മൂലം ഏറെ നാളായി ബുദ്ധിമുട്ടിലായ ഏലം, തേയില കർഷകർ ദുരിതക്കയത്തിൽത്തന്നെ. കഴിഞ്ഞ കുറേ നാളായി ക്രമം തെറ്റി പെയ്യുന്ന ശക്തമായ മഴ മൂലമുള്ള അഴുകൽ രോഗമാണ് ഏലം, തേയില വിളകൾക്ക് വിനയായത്. അഴുകൽ രോഗം വളരെപെട്ടെന്ന് ചെടികളിൽ വ്യാപിക്കുകയാണ്. ഇതിനിടയിലുണ്ടായ ഏലത്തിന്റെ വില തകർച്ച കർഷകന്റെ സ്വപ്നങ്ങൾ കെടുത്തി കളഞ്ഞു. ഏലം കിലോയ്ക്ക് ഏറ്റവും കൂടിയ വില 950 രൂപയാണ്. എന്നാൽ ഉത്പാദന ചെലവ് ഗണ്യമായി കൂടി. കീടനാശിനികളുടെയും വളത്തിന്റെയും വില ക്രമാതീതമായി വർദ്ധിച്ചു. കീടനാശിനികൾക്ക് കൊവിഡിന് മുമ്പ് ഉണ്ടായതിന്റെ ഇരട്ടിയോളം വിലയാണ് വർദ്ധിച്ചത്. വളത്തിനും വൻതോതിൽ വിലവർദ്ധിച്ചു. തൊഴിലാളികളുടെ കൂലിയും ഗണ്യമായി കൂടി. ജൈവ കൃഷി രീതി സ്വീകരിച്ചിരിക്കുന്ന കർഷകരും ഇതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.
തേയില കർഷകന്റെ അവസ്ഥ ഇതിലും ദയനീയമാണ്. പീരുമേട് പ്രദേശത്ത് പെയ്യുന്ന അതി ശക്തമായി മഴ മൂലം പച്ചകൊളുന്ത് ഉത്പാദനം നിലച്ചു. ആഴ്ചയിൽ 1000 കിലോ കൊളുന്ത് കിട്ടിയിരുന്ന കർഷകന് ഇപ്പോൾ 100 കിലോ മാത്രമാണ് ലഭിക്കുന്നത്. പച്ച കൊളുന്തിന് ഭേദപ്പെട്ട വില ഉള്ളപ്പോഴാണ് സാധനം കിട്ടാനില്ലാത്ത സ്ഥിതിയുള്ളത്. എന്നാൽ ഉത്പാദനം കൂടുമ്പോൾ പച്ചകൊളുത്തിന് തീരെ വില കിട്ടാറില്ല. കർഷകനെ സഹായിക്കാൻ രൂപീകരിച്ച ഏലം ബോർഡും, ടീ ബോർഡും, ചെറു കിട കർഷകരെ സഹായിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടാൽ മാത്രമേ ഏലം, തേയില, കർഷകരെ സഹായിക്കാനാവൂ. ചെറുകിട കർഷകരെ സഹായിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പീരുമേട്ടിലെ വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.