ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും കൃഷിഭവനും ഹോർട്ടിക്കോർപ്പും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി 2022 'കർഷക ചന്ത' തടിയമ്പാട് സഹകരണ ബാങ്കിന്റെ എക്കോഷോപ്പിൽ ആരംഭിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഏഴിന് വരെ കർഷക ചന്ത പ്രവർത്തിക്കും. മറയൂർ ശർക്കര, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, ചിപ്‌സ് തുടങ്ങിയവ ഇവിടെ ലഭിക്കും. നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ വിൽപ്പന നടത്തും. കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി വിലയേക്കാൾ പരമാവധി 20 ശതമാനം വരെ അധിക വിലയും നൽകും. ചടങ്ങിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സിജി ചാക്കോ, കൃഷി ഓഫീസർ ലിനറ്റ് ജോർജ്, കൃഷി അസിസ്റ്റന്റ്. സി എസ്. ദയ തുടങ്ങിയവർ പങ്കെടുത്തു. രാജാക്കാട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ ആരംഭിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. 10 ശശതമാനം വില കൂടുതൽ നൽകി തദ്ദേശീയ കർഷകരിൽ നിന്ന് വാങ്ങിയ പച്ചക്കറിയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ റജബ് കെ. കലാം പറഞ്ഞു.