തൊടുപുഴ: രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസങ്ങളുമായി പൊതു നിരത്തിലിറങ്ങുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികളുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ പരിശോധന തുടങ്ങിയത്. ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഒരു വർഷം റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കും. വാഹനമോടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും ആറ് മാസത്തേക്ക് റദ്ദാക്കും. ഇത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾക്കും ഫീൽഡ് ഓഫീസർമാർക്കും നിർദേശം നൽകിയതായി ഇടുക്കി ആർ.ടി.ഒ അറിയിച്ചു. ഇത്തരം വാഹനങ്ങളുപയോഗിച്ച് റാലി, റേസ്, എന്നിവ സംഘടിപ്പിക്കുന്നതിനിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതലും ആൾക്കൂട്ടത്തിനിടയിലാണ് ഇത്തരക്കാരുടെ പ്രകടനം. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് യുവാക്കൾക്കിടയിൽ ഹരമായി മാറുന്നുണ്ട്. എട്ട് മാസത്തിനിടെ 379 നിയമ ലംഘനങ്ങളാണ് ജില്ലയിൽ ഇത്തരത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം നഗരത്തിലെ കോളേജിൽ എത്തിച്ച രൂപമാറ്റം വരുത്തിയ വാഹനങ്ങൾ എത്തിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടെ ഒരു റിക്കവറി വാഹനം ഉൾപ്പടെ മൂന്ന് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പും പൊലീസും എത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയാണ് റാലികളെ ആകർഷകമാക്കാൻ ഉപയോഗിക്കുന്നതായി കണ്ടു വരുന്നത്. വരും ദിവസങ്ങളിൽ ഓണാഘോഷ പരിപാടികളടക്കം നടക്കുമ്പോൾ ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത് തടയാനാണ് പരിശോധന.

രൂപം മാറ്റാൻ നിബന്ധനകളുണ്ട്

ഓരോ വാഹനങ്ങൾക്കും അത് രൂപകൽപന ചെയ്ത് നിർമ്മിക്കുന്ന കമ്പനികൾ ഡിസൈൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ രൂപം മാറ്റാൻ നിയമ പ്രകാരം നിബന്ധനകളുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ആർ.സി. ബുക്കിൽ ഈ മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് മറ്റ് യാത്രക്കാരെ അപായപ്പെടുത്തില്ലെന്ന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അനുവാദം കിട്ടൂ. എന്നാൽ സ്റ്റിക്കർ മുതൽ വാഹനത്തിന്റെ ടയർവരെ ഒട്ടുമിക്ക ഭാഗങ്ങളും അനുമതിയില്ലാതെ മാറ്റി അവതരിപ്പിച്ച് വൈറലാക്കുകയാണ് ഇപ്പോഴത്തെ രീതി. ഇതിന് തടയിടുക എന്ന ലക്ഷ്യത്തിലാണ് പരിശോധന ആരംഭിക്കുന്നതെന്നും വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗവും അറിയിച്ചു.