അടിമാലി: മലയോര ഹൈവേയുടെ അലൈൻമെന്റ് വഴി മാറ്റിയത് പുനഃ പരിശോധിക്കണമെന്ന് കർഷകസംഘം അടിമാലി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി എൻ.വി. ബേബി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ബി. വരദരാജൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.ജി. ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.പി. സുനിൽ (കൺവീനർ), വി.ജി. പ്രതീഷ്‌കുമാർ, പി.കെ. സുധാകരൻ എന്നിവർ പ്രമേയ സബ് കമ്മിറ്റിയായും എൻ.എ. വിജയൻ (കൺവീനർ), തമ്പി ജോർജ്, മാർട്ടിൻസ് എന്നിവർ മിനിറ്റ്‌സ് കമ്മിറ്റിയായും പ്രവർത്തിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഷാജി, ജില്ലാ കമ്മിറ്റി അംഗം സി.കെ. ശേഖരൻ, സി.പി.എം ഏരിയാ സെക്രട്ടറി ചാണ്ടി പി. അലക്‌സാണ്ടർ, സ്വാഗതസംഘം ചെയർമാൻ മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ വില്ലേജുകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുത്തു. ജില്ലയിലെ നിലനിൽക്കുന്ന കാർഷിക ഭൂ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുക, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുക, കൃഷിക്കാരന്റെ കൃഷി ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, വാണിജ്യ വിളകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ചു വ്യാപാരം നടത്തണം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സമ്മേളനം ജില്ലാ സമ്മേളന പ്രതിനിധികളായി 22 പേരെയും 33 അംഗ ഏരിയ കമ്മിറ്റിയെയും 13 അംഗ എക്‌സിക്യൂട്ടീവും തിരഞ്ഞെടുത്തു. ഭാരവാഹികൾ: കെ.ജി. ബാബു (പ്രസിഡന്റ്), മാർട്ടിൻസ്, ബീന സേവിയർ (വൈസ് പ്രസിഡന്റുമാർ), കെ.ബി. വരദരാജൻ (സെക്രട്ടറി), സി.കെ. ശേഖരൻ, ടി.എം. ഗോപാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), എ.പി. സുനിൽ (ട്രഷറർ). കർഷകസംഘം അടിമാലി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന മാർച്ചും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് മൂന്നിന് അടിമാലിയിൽ നടക്കും. പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.ജി. ബാബു അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി എൻ.വി. ബേബി, വൈസ് പ്രസിഡന്റ് ടി.കെ. ഷാജി, ചാണ്ടി പി. അലക്‌സാണ്ടർ എന്നിവർ സംസാരിക്കും.