തൊടുപുഴ: കുട്ടികളെല്ലാം ഗുരുദേവ ദർശനം സ്വായത്തമാക്കണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ രവിവാര പാഠശാലയുടെ ഓണാഘോഷവും മെറിറ്റ് ഡേയും 'വരവേൽപ്പ്- 2022"ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ. ഗുരുദർശനം പഠിക്കാത്തതാണ് നാം നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം. ഇതുകാരണം പലമേഖലകളിലും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെടുകയാണ്. അതിന് പരിഹാരം വേണമെങ്കിൽ ബാല്യംമുതൽ തന്നെ അവരെ ഗുരുധർമ്മം പഠിപ്പിക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ മുന്നിൽ വരാൻ നമ്മുടെ കുട്ടികൾക്കാവൂ. ശ്രീനാരായണ ഗുരുദേവൻ സാക്ഷാൽ പരബ്രഹ്മമാണ്. ഗുരുവിന്റെ കൃതികളിലൂടെ സഞ്ചരിച്ചാൽ മാത്രംമതി ആത്മീയതയും ഒപ്പം ബൗദ്ധികതയും കുട്ടികളിൽ വളർത്തിയെടുക്കാൻ. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ ഏത് മേഖലകളിലും ഒന്നാമത് എത്താൻ കഴിയു. അതിന് ഗുരുവിനെ നാം അറിയണം. ഗുരുവിന്റെ ദർശനത്തിലൂന്നിയാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തിക്കുന്നത്. ഗുരുവിന്റെ കാരുണ്യമാണ് യോഗത്തിന് ഇന്നുണ്ടായ വളർച്ചയ്ക്ക് കാരണമെന്നും പ്രീതി നടേശൻ പറഞ്ഞു. യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നത്തെ സമൂഹത്തിന്റെ ധാർമ്മിക മൂല്യച്യുതിയിൽ നിന്ന് മോചനം നേടാൻ ഗുരുദർശനം മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. ചെറായിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കലാ- കായിക മത്സരങ്ങൾക്ക് വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സജ്മി ഷിംനാസ്, ശിവഗിരി മഠത്തിലെ സ്വാമി മഹാദേവാനന്ദ,​ രവിവാര പാഠശാല കൺവീനർ സി.കെ. അജിമോൻ,​ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ സി.പി. സുദർശനൻ, സ്മിത ഉല്ലാസ്, പി.ടി. ഷിബു,​ കെ.കെ. മനോജ്, സി.വി. സനോജ്, എ.ബി. സന്തോഷ്, പോഷക സംഘടനാ ഭാരവാഹികളായ ഗിരിജ ശിവൻ, സിബി മുള്ളരിങ്ങാട്, സതീഷ് വണ്ണപ്പുറം, എം.എൻ. പ്രദീപ്കുമാർ, കെ.എൻ. രാമചന്ദ്രൻ ശാന്തി,​ മഹേഷ് ശാന്തി കാഞ്ഞാർ, രവിവാര പാഠശാല പി.ടി.എ പ്രസിഡന്റ് ഒ.യു. ദാമോദരൻ, സോണി ഇ.എസ്, പി.ടി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് ജേതാക്കളെയും രവിവാര പാഠശാല അദ്ധ്യാപകരെയും പ്രീതി നടേശൻ മെഡലുകളും മൊമന്റോയും നൽകി ആദരിച്ചു.