മൂന്നാർ: മൂന്നാറിലെ അവസാന ബ്രിട്ടീഷ് പ്ലാന്ററായ എം.ആർ.പി ലാപ്പിൻ സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ നിര്യാതനായി. മൂന്നാർ ടാറ്റാ ടീ കമ്പനിയുടെ ആദ്യ ജനറൽ മാനേജരായിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ കണ്ണൻദേവൻ കമ്പനിയുടെ അസി. മാനേജറായാണ് അദ്ദേഹം മൂന്നാറിൽ വന്നത്. വിദേശികളൊക്കെ സ്വരാജ്യത്തേക്ക് മടങ്ങിയപ്പോഴും അദ്ദേഹം മൂന്നാറിൽ തന്നെ നിന്നു. കണ്ണൻദേവൻ കമ്പനി ടാറ്റാ ഫിൻലേയായി മാറുന്നത് അദ്ദേഹം കണ്ടു. ആദിവാസി സമുദായങ്ങളെ ചേർത്തു പിടിച്ചിരുന്നു അദ്ദേഹം. ഹൈറേഞ്ച് വന്യ ജീവി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലിരുന്ന അദ്ദേഹം ഹോണററി എലഫന്റ് വാർഡനായും പ്രവർത്തിച്ചിട്ടുണ്ട്. 1986ൽ വിരമിച്ചു. തുടർന്ന് അദ്ദേഹം കുടുംബത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൂന്നാറിലെ ജനങ്ങൾ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ലാപ്പിൻ. തൊഴിലാളികളെയും ജീവനക്കാരെയും മാനേജർമാരെയും അദ്ദേഹവും ഒരുപോലെ സ്നേഹിച്ചിരുന്നെന്ന് മൂന്നാർ സ്വദേശികൾ ഓർക്കുന്നു.