രാജാക്കാട്: സ്വകാര്യ വാഹനം ഇടിച്ച് രാജാക്കാട് ടൗണിലെ വൈദ്യുതി പോസ്റ്റ് തകർന്നു. വാക്കാസിറ്റി ജംഗ്ഷനിലുള്ള 11 കെ.വി ലൈനുള്ള പോസ്റ്റാണ് രാത്രിയിൽ വാഹനമിടിച്ചതിനെ തുടർന്ന് തകർന്നത്. ലൈൻ പൊട്ടാതിരുന്നതും വാഹനം താഴത്തെ റോഡിലേക്ക് പതിക്കാതിരുന്നതും മൂലം വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് പോസ്റ്റ് ചുവട് വളയുകയും ചുവട്ടിലെ കോൺക്രീറ്റ് ഉൾപ്പെടെ കുഴിയിൽ നിന്ന് പുറത്താകുകയും ചെയ്തു. നിലവിൽ കമ്പികളിൽ തൂങ്ങിയാണ് പോസ്റ്റ് നിലകൊള്ളുന്നത്. കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് അപകടമുണ്ടാക്കിയ വാഹനമോടിച്ചയാൾ വൈദ്യുതി വകുപ്പിന്റെ രാജാക്കാട് സെക്ഷൻ ഓഫീസിൽ ഹാജരായി. തുടർന്ന് ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയ ശേഷം പറഞ്ഞു വിട്ടു. തകരാറിലായ പോസ്റ്റ് ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.