ചെറുതോണി: സാമൂഹ്യപരിഷ്‌ക്കർത്താവ് മഹാത്മ അയ്യൻകാളിയുടെ 159മത് അവിട്ടാഘോഷം സെപ്തംബർ 9ന് ജില്ലയിലെ 5 കേന്ദ്രങ്ങളിലായി പുഷ്പാർച്ചന, മധുരവിതരണം, ഘോഷയാത്ര, അനുസ്മരണ സമ്മേളനം, ആദരിക്കൽ എന്നിവയോടുകൂടി വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.എം.എസ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ, പീരുമേട് ഉപ്പുതറ, നെടുംകണ്ടം, അടിമാലി, ഇടുക്കിചേലച്ചുവട് എന്നിവിടങ്ങളിലായി കെ.പി.എം.എസ്. യൂണിയൻ കമ്മറ്റികളുടെ നേതൃത്വത്തിൽ അവിട്ടാഘോഷം നടത്തുന്നത്. 9ന് നെടുങ്കണ്ടത്ത് രാവിലെ 11.30ന് മറ്റ് കേന്ദ്രങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30നുമാണ് ഘോഷയാത്രകൾ നടത്തുന്നത്. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊടുപുഴ മങ്ങാട്ട് കവലയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടത്ത് മുൻമന്ത്രി എം.എം.മണിയും അടിമാലിയിൽ അഡ്വ. എ.രാജ എം.എൽ.എ.യും ഉപ്പുതറയിൽ വാഴൂർ സോമൻ എം.എൽ.എ.യും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനങ്ങളിൽ ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുക്കുമെന്നും സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി, സാബു കൃഷ്ണൻ, ഇടുക്കി യൂണിയൻ പ്രസിഡന്റ് രവി കണ്ട്രാമറ്റം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.