തൊടുപുഴ: വെള്ളക്കെട്ട് ഒഴിക്കാൻ നഗരസഭയുടെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി നടത്തിയ പ്രവർത്തനങ്ങളെല്ലാം 'വെള്ളത്തിലാക്കി",​ ഇന്നലെ പെയ്ത കനത്ത മഴയിൽ ഓടകളെല്ലാം പതിവുപോലെ നിറഞ്ഞൊഴുകി തൊടുപുഴ നഗരം വീണ്ടും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതൽ രണ്ട് മണിക്കൂറിലേറെ നേരം നിന്ന് പെയ്ത മഴയിൽ നഗരത്തിലെ അര ഡസനിലധികം സ്ഥലങ്ങളിലെ റോഡ് തോടായി. മണക്കാട് ജങ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, മാർക്കറ്റ് റോഡിൽ പുളിമൂട്ടിൽ ജംഗ്ഷൻ,​ കിഴക്കേയറ്റം, റോട്ടറി ജംഗ്ഷൻ,​ മങ്ങാട്ടുകവല- കാരിക്കോട് റോഡ്,​ മൗണ്ട് സിനായ് റോഡ്,​ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ രണ്ടടിയോളം ഉയരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ റോഡിൽ മണക്കാട് ജംഗ്ഷൻ മുതൽ മുനിസിപ്പൽ ബസ് സ്റ്റാന്റ് വരെ വെള്ളത്തിൽ മുങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഓണത്തോടനുബന്ധിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകാനാകാതെ വന്നതോടെ നഗരത്തിൽ മണിക്കൂറുകളോളം വലിയ ഗതാഗതക്കുരുക്കുണ്ടായി. ഇരുചക്രവാഹനങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. പലയിടത്തും മുട്ടൊപ്പമായിരുന്നു വെള്ളം. ഓണക്കോടിയും മറ്റും എടുക്കാനെത്തിയ സ്ത്രീകളടക്കമുള്ളവർ ഇതോടെ ബുദ്ധിമുട്ടിലായി. ഓണക്കച്ചവടം ലക്ഷ്യമിട്ട് കടകൾ തുറന്നിരുന്ന വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

നഗരസഭയും മറ്റ് സർക്കാർ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് വീണ്ടുമുണ്ടായ വെള്ളക്കെട്ട് തെളിയിക്കുന്നത്. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. തൊടുപുഴ മണക്കാട് ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിർമാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിർമിച്ചു, റോഡ് ഭാഗം ചെറിയതോതിൽ ഉയർത്തുകയും ചെയ്തു. എന്നാൽ, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കൊന്നിനുമില്ല. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ളാബിന്റെ വിടവിലുടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാൽനട യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. എം.എൽ.എ ഫണ്ട് മുഖേന തൊടുപുഴയിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ചെറിയ മഴ പെയ്താൽ പോലും തൊടുപുഴ ശരിക്കും 'പുഴ' ആകുന്ന സാഹചര്യമാണ് ഇപ്പോഴുള്ലത്.

ശാശ്വത പരിഹാരം കാണണം:

വ്യാപാരികൾ

നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുക്കണം. വർഷങ്ങളായി തൊടുപുഴയിൽ വെള്ളക്കെട്ടുണ്ടാകുന്നു. സ്ഥിരമായി വെള്ളം പൊങ്ങുന്ന പ്രദേശങ്ങളിലെ ഓടകളുടെ വീതി കൂട്ടി സുഗമമായി വെള്ളമൊഴുകാൻ സംവിധാനമൊരുക്കണം. റോഡിൽ കുഴികൾ രൂപപ്പെടുന്നതിന് പ്രധാന കാരണവും വെള്ളക്കെട്ടാണ്. രണ്ട് വർഷത്തിന് ശേഷം ഓണക്കാല കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികൾക്ക് വലിയ നഷ്ടമാണ് അടിക്കടിയുള്ള വെള്ളക്കെട്ടിലൂടെയുണ്ടാകുന്നത്.

-തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ