manchira

നെടുങ്കണ്ടം : നിർമിച്ച് ഒന്നര വർഷം പിന്നിട്ടപ്പോൾ മൺചിറ തകർന്ന് തരിപ്പണമായി . കരുണാപുരം പഞ്ചായത്ത് ആറാം വാർഡിൽ 671058 രൂപ മുടക്കി നിർമിച്ച 15 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ചിരുന്ന മൺചിറയാണ് തകർന്ന് കിടക്കുന്നത്. പ്രദേശത്തെ മൂന്ന് കർഷകർ വിട്ടുനൽകിയ ഭൂമിയിലാണ് ജലം സംഭരിക്കാനായി മണ്ണ് പര്യവേക്ഷണവകുപ്പ് മൺചിറ നിർമിച്ചത്.. നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെംബറും കരുണാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനു പി.ആർ വിജിലൻസിന് പരാതി നൽകി. വാർഡ് മെംബറെ അറിയിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ബിനു പറയുന്നു. മണ്ണ് പര്യവേക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ 9 വാർഡുകളിൽ നടന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നു. ഇസ്രയേൽ ടെക്‌നോളജി ഉപയോഗിച്ച് വാർഡുകളിൽ നടപ്പിലാക്കിയ വാട്ടർ ഷെഡ് നിർമാണത്തിലടക്കം അഴിമതി നടന്നതായാണ് ആരോപണം. ആറാം വാർഡിൽ നിർമിച്ച തടയണ തകർന്ന നിലയിലാണ്. കഴിഞ്ഞ മാസം 27 ന് രാത്രിയിലാണ് ചിറ തകർന്നതെന്നും പ്രദേശവാസികൾ പറയുന്നു. 15 ലക്ഷം ലിറ്റർ വെള്ളം ചിറയിൽ കെട്ടി നിൽക്കുന്നതിനിടെ ചിറ അകന്ന് മാറി വെള്ളം പുറത്തേക്ക് ഒഴുകി. ചിറ പൊട്ടി പെട്ടെന്ന് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നെങ്കിൽ വൻ നാശനഷ്ടം പ്രദേശത്ത്‌സംഭവിക്കുമായിരുന്നു.. വേനൽക്കാലത്ത് പ്രദേശത്തെ കർഷകരുടെ വിളകൾ നശിക്കാതിരിക്കാനാണ് മൺചിറ കെട്ടി വെള്ളം സംഭരിച്ചത്. കർഷകർക്ക് ജലസേചനത്തിനും സൗകര്യപ്രഭമായി മാറി. പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ ജലവിതാനം ഉയർത്താനും കുഴൽ കിണറുകളും തോടുകളും ജലസമൃദ്ധമാക്കാനുമാണ് പദ്ധതി അവിഷ്‌കരിച്ചത്. എന്നാൽ സർക്കാരിന് ലക്ഷങ്ങൾ നഷ്ടമായതല്ലാതെ കാര്യമായ ഗുണം നാട്ടുകാർക്ക് ലഭിച്ചില്ല.