തൊടുപുഴ: പറമ്പിലും തൊടിയിലും പൂത്തൊട്ടിയുമായി പൂ തേടി നടന്ന കാലം ഇന്ന് പഴംതലമുറയുടെ പോലും ഓർമ്മകളിലാണ്. മലയാളിയുടെ ഓണത്തിനായി പൂവറുക്കുന്നത് തമിഴ്‌നാട്ടിലെ ശീലയംപെട്ടി പോലുള്ള ഗ്രാമങ്ങളിലാണ്. രണ്ട് വർഷത്തിന് പൂർണ ആഘോഷത്തോടെയെത്തിയ ഓണം ഇത്തവണ പൂകർഷകർക്കും പൂക്കച്ചവടക്കാർക്കും പൂക്കാലമായിരുന്നു. അത്തം മുതൽ കഴിഞ്ഞ പത്ത് ദിവസങ്ങളിൽ റെക്കാർഡ് കച്ചവടമാണ് ജില്ലയിൽ പൂവിപണിയിൽ നടന്നത്. ഉത്രാട ദിനമായ ഇന്നലെ പൂക്കൾക്ക് വൻ ഡിമാൻഡായിരുന്നു. സ്കൂളുകളിലെയും കോളേജുകളിലെയും ഓണാഘോഷ ദിവസത്തിന് ശേഷം ഏറ്റവുമധികം കച്ചവടം നടന്നത് ഉത്രാടദിനമായ ഇന്നലെയായിരുന്നു. ഓണം അടുത്തതോടെ സാധാരണയിൽ നിന്ന് പൂക്കൾക്ക് വില വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.

മഞ്ഞ ജമന്തി- 200,​ ഓറഞ്ച് ജമന്തി- 200,​ വെള്ള ജമന്തി- 300,​ ബട്ടൺ റോസ്- 400,​ വാടാമല്ലി- 250,​ അരളി- 400,​ ചുവന്ന അരളി- 650,​ മുല്ലപ്പൂ-​ 120 രൂപ (ഒരു മുഴം)​ എന്നിങ്ങനെയാണ് തൊടുപുഴയിലെ വില. ഓർ‌ഡർ കൂടുന്നതനുസരിച്ച് തമിഴ്നാട്ടിലെ ഇടനിലക്കാർ പൂക്കളുടെ വില കൃത്രിമമായി കൂട്ടുന്നതാണെന്നും ആക്ഷേപമുണ്ട്. പൂക്കൾ വിൽക്കുന്ന വഴിയോരക്കച്ചവടക്കാരും സജീവമായിരുന്നു. ഇന്ന് കൂടി നല്ല കച്ചവടം ലഭിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതുകഴിഞ്ഞ് ക്ലബുകളുടെയും മറ്റ് സംഘടനകളുടെയും ഓണാഘോഷവുമായി ബന്ധപ്പെട്ട് പൂക്കള മത്സരങ്ങളുണ്ടെങ്കിലും വ്യാപാരം നടക്കും. പ്രളയവും കൊവിഡുമെല്ലാം കേരളത്തിന്റെ ഓണക്കാലങ്ങൾ കവർന്നെടുത്തപ്പോൾ ഏക്കറ് കണക്കിന് പാടത്തെ പൂക്കൾ വിളവെടുക്കാതെ വാടിക്കരിഞ്ഞ് കടക്കെണിയിലേയ്ക്ക് കൂപ്പ് കുത്തിയിരുന്നു തമിഴ്‌നാട്ടിലെ പൂ കർഷകരും കേരളത്തിലെ വ്യാപാരികളും. ഇത്തവണ വിപണി ഉണർന്നതിന്റെ സന്തോഷത്തിലാണ് പൂകർഷകരും വ്യാപാരികളും.

പൂക്കൾ ഗ്രാമം

സമൃദ്ധമായ പൂപ്പാടങ്ങളും സജീവമായ പൂ വിപണിയും കൊണ്ട് പ്രസിദ്ധമായ ഗ്രാമമാണ് ശീലയംപെട്ടി. നിറഭേദങ്ങളുടെ മനം കവരുന്ന കാഴ്ചയാണ് ഇവിടെ. നോക്കത്താ ദൂരത്ത് പരന്നുകിടക്കുന്ന പൂപ്പാടത്ത് റോസ്, ജെണ്ടുമല്ലി, മുല്ല, അരളി, വാടാമുല്ല, ജെമന്തി, ബന്തി എന്നിവയാണ് പ്രധാന കൃഷികൾ. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കാണ് ശീലയംപെട്ടിയിൽ നിന്നു പൂക്കളെത്തുന്നത്.