
അടിമാലി: ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് കൂട്ടുനിന്ന് കാർഷിക മേഖലയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും
നാടിന്റെ പുരോഗതി കർഷകരിലും കാർഷിക മേഖലയിലുമാണെന്നും സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. കെ ജയചന്ദ്രൻ പറഞ്ഞു.
കേരള കർഷകസംഘം അടിമാലി ഏരിയ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വിളകൾക്കും വളങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നൽകിയിരുന്ന സബ്‌സിഡി നിർത്തി ജനങ്ങളെ ദ്രോഹിച്ചു. ഇതോടെ കർഷകർ ആത്മഹത്യ ചെയ്യുന്ന നാടായി ഇന്ത്യ മാറി.
ഭൂപരിഷ്‌കരണത്തിന് നിയമനിർമാണം നടത്തി കാർഷിക മേഖല പരിപോഷിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക സംഘം ഏരിയ പ്രസിഡന്റ് കെ ജി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ വി ബേബി, വൈസ് പ്രസിഡന്റ് ടി കെ ഷാജി, കെ ബി വരദരാജൻ, സി കെ ശേഖരൻ എന്നിവർ സംസാരിച്ചു.വിവിധ പഞ്ചായത്തുകളിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ചവരെ സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു.