kalunk
മുള്ളരിങ്ങാടിന് സമീപം ചാത്തമറ്റം- വെള്ളക്കയം റൂട്ടിൽ അമ്പലപ്പടി സംസ്‌കാരിക നിലയത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് പതിച്ചപ്പോൾ

വണ്ണപ്പുറം: പഞ്ചായത്തിലും പരിസരങ്ങളിലും ഇന്നലെ ഉച്ച മുതൽ പെയ്ത കനത്ത മഴയിൽ വണ്ണപ്പുറം ടൗണിലും പരിസരങ്ങളിലും വൻ വെള്ളക്കെട്ടുണ്ടായി. ഹൈറേഞ്ച് മേഖലയിലേക്കുള്ള റോഡിൽ വലിയ തോതിൽ വെള്ളം ഉയർന്നതിന തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏതാനും സമയം തടസപ്പെട്ടു. മുള്ളരിങ്ങാടിന് സമീപം ചാത്തമറ്റം- വെള്ളക്കയം റൂട്ടിൽ അമ്പലപ്പടി സംസ്‌കാരിക നിലയത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് സമീപത്തെ തോട്ടിലേക്ക് പതിച്ചു. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലേക്ക് ബസ് എത്തുന്നത് ഇതുവഴിയായിരുന്നു. കലുങ്ക് തകർന്ന് ഗതാഗതം നിരോധിച്ചതിനാൽ വെള്ളക്കയം- തറുതല- വലിയകണ്ടം- പാലം ജംഗ്ഷനിലെത്തി മുള്ളരിങ്ങാട് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. 40 വർഷം പഴക്കമുള്ള കലുങ്കാണിത്. കാലപ്പഴക്കവും കലുങ്കിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതും മൂലമാണ് ഇത് തകർന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി തവണ കലുങ്കിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. നിരവധി സ്‌കൂൾ ബസുകൾ പോകുന്ന റോഡിലാണ് കലുങ്ക് സ്ഥിതി ചെയ്തിരുന്നത്. കലുങ്ക് തകർന്നതുമൂലം അഞ്ച് കിലോമീറ്റർ അധിക യാത്ര ചെയ്ത് വേണം പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ.