തൊടുപുഴ: ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരക്കെ അതിതീവ്രമഴക്ക് ഇന്നും നാളെയും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ/ ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്നതിനാലും ജില്ലയിൽ വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി.
ഇന്നലെ വൈകിട്ട് തൊടുപുഴ, അടിമാലി, മൂന്നാർ, ചെറുതോണി, രാജാക്കാട്, കുമളി മേഖലകളിൽ കനത്ത മഴ രേഖപ്പെടുത്തി. ഏതാനും മണിക്കൂറുകൾ കൊണ്ട് 35 സെ.മീ. വരെ മഴയാണ് പെയ്തിറങ്ങിയത്. പലയിടത്തും രാത്രിയിലും ശക്തി കൂടിയും കുറഞ്ഞും മഴ തുടരുകയാണ്. ഇന്ന് കനത്തമഴ പ്രവചിക്കുന്നതിനാൽ മലയോര മേഖലകൾ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞമാസം ഉണ്ടായ കുടയത്തൂർ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഓർമ്മയും മലയോര വാസികളെ അലട്ടുകയാണ്. മഴയെത്തുമ്പോൾ ആകാശവും ഇരുളുന്നത് പോലെ ഇടുക്കിക്കാരുടെ മനസുകളിലും ഭീതിയുടെ ഇരുൾ നിറയുകയാണ്.
മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന കനത്തമഴ പെയ്താൽ അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഇടുക്കിയിൽ കാലവർഷത്തിൽ 16 ശതമാനം മഴയുടെ കുറവുണ്ട്. 227.94 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 192.09 ആണ് ലഭിച്ചത്. ജില്ലയിലെ ഒട്ടുമിക്ക സംഭരണികളിലേയും ജലനിരപ്പ് 80 ശതമാനത്തിന് മുകളിൽ തുടരുകയാണ്. മഴ തുടർന്നാൽ ഇവയും കൂട്ടത്തോടെ തുറക്കേണ്ടി വരും.
നിയന്ത്രണങ്ങൾ
1. ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര (7 മുതൽ 6 വരെ) നിരോധിച്ചു.
2. എല്ലാ വിധ ക്വാറി, ഖനന പ്രവർത്തനങ്ങളും, ഓഫ് റോഡ് ട്രക്കിംങ്ങ് എന്നിവ പൂർണ്ണമായും നിരോധിച്ചു.
3. ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാ ടൂറിസം മേഖലകളിലും അതീവ ജാഗ്രത പാലിക്കണം. അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം