തൊടുപുഴ: തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നാടും നഗരവും ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം മുടങ്ങിപ്പോയ ഓണാഘോഷം അതിന്റെ എല്ലാ ആവേശത്തോടെയും പരമ്പരാഗതമായ ഉത്സാഹത്തോടെയും തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ ചെറിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഉത്രാടദിനമായ നാളെ മുതൽ വിപണി കൂടുതൽ ഊർജസ്വലമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനശാലകൾക്ക് പുറമെ പച്ചക്കറി വിൽപ്പനകേന്ദ്രങ്ങളിലും ഹൈപ്പർമാർക്കറ്റുകളിലും തിരക്ക് കൂടിത്തുടങ്ങി. വ്യത്യസ്ത ഓഫറുകളും സമ്മാന പദ്ധതികളും വിലക്കിഴിവുമായി ഉപഭോക്താക്കളെ ആകർഷികാനുള്ള മുന്നൊരുക്കം വ്യാപാരികളും വിവിധ ഉത്പന്നങ്ങളുടെ നിർമാണക്കമ്പനികളും പൂർത്തിയാക്കിക്കഴിഞ്ഞു. ജി.എസ്.ടി വർദ്ധന മൂലം മിക്ക ഉത്പന്നങ്ങൾക്കും വില കൂടിയിട്ടുണ്ടെങ്കിലും ഡിസ്‌കൗണ്ടുകൾ വഴി ഇതിന്റെ ഭാരം മറികടക്കാനാകുമെന്ന് ഉപഭോക്താക്കളും കണക്കുകൂട്ടുന്നു. ഓണച്ചന്തകളും ആശ്വാസമാണ്. എന്തായാലും ഈ ഓണത്തിന് വ്യാപാര സമൂഹത്തിന്റെ പ്രതീക്ഷ എന്നത്തേക്കാളും വലുതാണ്.

ഓണക്കോടിയില്ലാതെങ്ങനെ

ഓണക്കോടിക്ക് പുതുമയുടെ തിളക്കവും പകിട്ടും നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് വസ്ത്രവ്യാപാര മേഖല. രണ്ട് മാസം മുമ്പ് തന്നെ സംസ്ഥാനത്തികത്തും പുറത്തുനിന്നുമുള്ള വിവിധ കേന്ദ്രങ്ങളിൽനിന്ന് ഓണവസ്ത്രങ്ങൾ എത്തിക്കാനുള്ള ഒരുക്കം വസ്ത്രവ്യാപരികൾ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലെ ഓണക്കാലം വസ്ത്രവ്യാപാരമേഖലയ്ക്ക് തിരിച്ചടികളുടേതായിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം ഇത്തവണ കരകയറാനാകുമെന്ന് വ്യാപാരികൾ കണക്കു കൂട്ടുന്നു. സെറ്റ് സാരി, സെറ്റ്മുണ്ട് എന്നിവയുടെ എല്ലാത്തരം ഉപഭോക്താക്കൾക്കുമുള്ള ശേഖരം എല്ലാ വ്യാപാരികളും പ്രത്യേകം തന്നെ ഒരുക്കിയിട്ടുണ്ട്. 650 മുതൽ 5500 രൂപ വരെയുള്ള സെറ്റ് സാരികൾ വിപണിയിൽ ലഭ്യമാണ്. നിശ്ചിത തുകക്ക് വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ, കാഷ്ബാക്ക് തുടങ്ങിയവയാണ് ഓഫറുകൾ. ഓണവസ്ത്രങ്ങളിൽ ധാവണി, സെറ്റ് സാരികൾ എന്നിവക്കാണ് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ പ്രിയം. ചില വ്യാപാരസ്ഥാപനങ്ങൾ ഓണം പ്രമാണിച്ച് പ്രവർത്തനസമയം വർദ്ധിപ്പിച്ചിട്ടുമുണ്ട്.

കാണം വിൽക്കേണ്ടി വരും

എല്ലാറ്റിനും തീപിടിച്ച വിലയായതോടെ കാണം വിൽക്കാതെ ഓണം ഉണ്ണാനാകില്ലെന്ന സ്ഥിതിയാണ്. പലവ്യഞ്ജന, പച്ചക്കറി വിപണികളിൽ കച്ചവടം സജീവമായി. ഹൈപ്പർമാർക്കറ്റുകൾ കൂടി രംഗത്തെത്തുകയും ഓഫറുകൾ ധാരാളമായി ലഭിക്കുകയും ചെയ്യുന്ന സാഹചര്യമായതോടെ ഈ രംഗത്ത് മത്സരവും വ്യാപാരവും കടുത്തതാണ്. വസ്ത്രങ്ങൾക്കും ഗൃഹോപകരണങ്ങൾക്കുമെന്ന പോലെ ഓഫറുകൾക്ക് ഇവിടെയും പഞ്ഞമില്ല. ജി.എസ്.ടി പരിധിയിലായതോടെ അരിവില 40 ശതമാനം വരെ വർദ്ധിച്ചതാണ് ഇത്തവണ പ്രധാന തിരിച്ചടി. പച്ചക്കറി വിപണിയിൽ ഇടക്കാലത്ത് വിലക്കയറ്റമുണ്ടായെങ്കിലും കഴിഞ്ഞവർഷത്തെ ഓണക്കാലത്തെ അപേക്ഷിച്ച് നിലവിൽ വില കുറവാണെന്ന് വ്യാപാരികൾ പറയുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്കായി വിവിധയിനം പച്ചക്കറികളുടെ കിറ്റാണ് പ്രധാന ആകർഷണം. പ്രതികൂല കാലാവസ്ഥ മൂലം തദ്ദേശീയ പച്ചക്കറി ഉത്പാദനം ഇത്തവണ കുറഞ്ഞിട്ടുണ്ട്. മറയൂരിലും കാന്തല്ലൂരിലുമടക്കം ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത പച്ചക്കറി വൻതോതിൽ നശിച്ചിരുന്നു.

ഓഫറോണം

ഓണക്കാലത്ത് വ്യാപാരം പൊടിപൊടിക്കുന്ന മറ്റൊരു മേഖലയാണ് ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും വിപണി. അടുക്കളപ്പാത്രങ്ങൾ മുതൽ സ്മാർട്ട്‌ഫോണുകൾ വരെ വാങ്ങിക്കൂട്ടാൻ ഓരോ ഓണക്കാലത്തും ഉപഭോക്താക്കളുടെ തിരക്കാണ്. പഴയ ടി.വിയും മിക്‌സിയും വാഷിങ്‌മെഷീനും ഫ്രിഡ്ജും ഗ്യാസ് സ്റ്റൗവും മാറ്റിവാങ്ങാനും എല്ലാവരും കാത്തിരിക്കുന്നതും ഓണക്കാലമാണ്. വിലക്കിഴിവും തവണവ്യവസ്ഥയും സൗജന്യങ്ങളും കാഷ്ബാക്കും ബമ്പർ സമ്മാനവുമൊക്കെയാണ് ഓഫറുകൾ. കമ്പനികൾ ഏർപ്പെടുത്തിയ എക്‌ചേഞ്ച്, കോംബോ ഓഫറുകൾ വേറെയുമുണ്ട്.