തൊടുപുഴ: രണ്ട് വർഷത്തെ കൊവിഡിന് ശേഷം പൂർവാധികം ശക്തിയോടെയെത്തിയ തിരുവോണം കെങ്കേമമാക്കാനുള്ള അവസാന വട്ട ഓട്ടത്തിലാണ് ജനങ്ങൾ. വിപണിയുടെ തിരക്ക് പൂർണതയിൽ എത്തുന്ന ഉത്രാടപ്പാച്ചിൽ ഇന്നാണ്. ആഘോഷത്തിമർപ്പിൽ എല്ലാം മറന്നുള്ള തിരുവോണം നാളെ. സർക്കാർ ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ശമ്പളവും ബോണസും ഒരുമിച്ചു കൈവന്നതോടെ എല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കാണെങ്ങും. മഴ തുടരുമ്പോഴും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക്‌സ് ഷോറൂമുകൾ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലും രണ്ട് ദിവസങ്ങളിലായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. തൊടുപുഴ ഉൾപ്പെടെയുള്ള ടൗണുകളിലും കുടുംബശ്രീയുടെ ചന്തകളിലും മേളകളിലും അഭൂതപൂർവമായ തിരക്കാണ്. കൈത്തറി മേള, ഖാദി മേള, കാർഷിക മേള, ഓണച്ചന്ത തുടങ്ങിയ ഇടങ്ങളിലെല്ലാം ലക്ഷങ്ങളുടെ കച്ചവടമാണ് ഓത്തോടനുബന്ധിച്ച് നടക്കുന്നത്. സർക്കാർ ഏജൻസികളും കുടുംബശ്രീകളും കൈത്തറി സംഘങ്ങളുമെല്ലാം 20 മുതൽ 30 ശതമാനം വരെ റിബേറ്റിലാണ് സാധനങ്ങൾ വിറ്റഴിക്കുന്നത്. അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള വഴിയോരക്കച്ചവടക്കാരും സജീവമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച പൂക്കളുടെ വിൽപ്പനയും തൊടുപുഴ ഉൾപ്പെടെയുള്ള ടൗണുകളിൽ തകൃതിയാണ്. ജനങ്ങളെ ആകർഷിക്കാൻ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റം താങ്ങാവുന്നതിലപ്പുറമായതോടെ സാധാരണക്കാരുടെ ഓണം കഷ്ടത്തിലാണ്. എങ്കിലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വർത്ഥമാക്കി നാടൊന്നാകെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളിലാണ്. ഓണാഘോഷ തയ്യാറെടുപ്പിനുളള അവസാന ഒരുക്കങ്ങൾക്കായി ഉത്രാട ദിനമായ ഇന്ന് നഗരത്തിലേക്ക് ജനം ഒഴുകിയെത്തും. സ്വതവേ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന തൊടുപുഴയിലടക്കം ഓണത്തിരക്കിൽ വീർപ്പുമുട്ടുകയാണ്.
ആശ്വാസമായി ഓണച്ചന്തകൾ
കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ, സപ്ലൈകോ- കൺസ്യൂമർ ഫെഡ് ഓണം മേളകൾ, ഓണം ഖാദി മേള എന്നിവയെല്ലാം വിലക്കയറ്റത്തിലും സാധാരണക്കാർക്ക് ആശ്വാസമാവുകയാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി- പലചരക്ക് കടകളിലും തിരക്ക് വർദ്ധിച്ചു. പൂ വിപണിയും ഉഷാർ. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സർവീസുകളും ഓണഘോഷങ്ങൾക്ക് രുചിപകരാൻ രംഗത്തുണ്ട്. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് തകൃതിയാണ്. വിവിധയിടങ്ങളിൽ വഴിയോരങ്ങൾ കേന്ദ്രീകരിച്ചും പായസമേളകൾ ഒരുക്കിയിട്ടുണ്ട്. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കരേറെയാണ്.
ആഘോഷം പൊടിപൊടിക്കുന്നു
സർക്കാർ വക ഓണാഘോഷത്തിന് പുറമെ സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും തദ്ദേശ സ്ഥാപനങ്ങളും ഓണഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മത്സരങ്ങളും നടത്തി രണ്ട് വർഷത്തിന് ശേഷം ഓണം ഗംഭീര ആഘോഷമാക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഓണഘോഷത്തിന്റെ ഭാഗമായി നിർദ്ധനർക്ക് ഓണക്കിറ്റുകളും സമ്മാനിക്കുന്നുണ്ട്.