തൊടുപുഴ: ദീനദയ സോഷ്യൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾ നടത്തുന്ന ഓണം സ്റ്റാളുകളിൽ തിരക്കേറുന്നു. യാതൊരു മായവുമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന ഉപ്പേരിയടക്കമുള്ള വിഭവങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാകുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത. സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ട് സ്റ്റാളുകളാണ് തൊടുപുഴയിലുള്ലത്. ഒന്ന് തൊടുപുഴ പാർക്കിന് മുൻവശവും മറ്റൊന്ന് പാലാ റോഡിൽ ഐശ്വര്യ റസിഡൻസിയിക്ക് മുമ്പിലും. വട്ടഉപ്പേരി (കിലോ- 400), നാലുപ്പേരി (420), ശർക്കര വരട്ടി (420), പലഹാരങ്ങളായ ഉണ്ണിയപ്പം, ചീട, മിക്സ്ച്ചർ, വിവിധയിനം അച്ചാറുകൾ, ഇഞ്ചിക്കറി, പുളിയിഞ്ചിക്കറി എന്നിവ സ്റ്റാളിലുണ്ട്. ലിറ്ററിന് 180 മുതൽ 190 വരെ വിലയിൽ മധുരമൂറുന്ന പാലട, അടപ്രദമൻ, ഗോതമ്പ്, പരിപ്പ് പായസങ്ങളും സ്റ്റാളിലൊരുക്കിയിട്ടുണ്ട്. മൂന്നിന് ആരംഭിച്ച സ്റ്റാൾ ഇന്ന് സമാപിക്കും. ലാഭം നോക്കിയല്ല സൊസൈറ്റി വ്യാപാരം നടത്തുന്നതെന്നും ഗുണമേന്മയുള്ല വിഭവങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം സ്വയംസഹായസംഘത്തിലെ സ്ത്രീകൾക്ക് വരുമാനം കൂടി ലക്ഷ്യമിടുന്നുണ്ടെന്നും സൊസൈറ്രി പ്രസിഡന്റ് പ്രീത പ്രദീപ് പറഞ്ഞു.