ചെറുതോണി: സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിറുത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. ഇടുക്കി ആർ.ടി.ഒയുടേതാണ് നടപടി. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. കോട്ടയം കൂട്ടിക്കൽ സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് ഇടുക്കി ആർ.ടി.ഒ ആർ. രമണന് പരാതി നൽകിയത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം.
മുരിക്കാശേരിയിൽ വച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയെയും രണ്ട് പെൺകുട്ടികളെയുമാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിറുത്താതെ പോയി. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. നാട്ടുകാരാണ് റോഡിൽ വീണ് കിടന്ന മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശ്ശേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. കാര്യമായി പരിക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. സംഭവത്തിൽ നേരത്തെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവറുടെ വിശദീകരണം തേടിയെങ്കിലും തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നത്‌.