ചെറുതോണി: ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മിഴിവും താളവുമേകാൻ ഇക്കുറി തൃശൂരിൽ നിന്നുള്ള പുലികളി സംഘവുമെത്തി. 20 വർഷമായി പുലികളി രംഗത്തുള്ള പ്രശസ്തരായ കോട്ടപ്പുറം തൃശിവ പുലികളി സംഘമാണ് ചെറുതോണി ടൗണിൽ പുലിവേഷത്തിൽ താളത്തിനൊത്ത് ചുവടുവെച്ചത്. തൃശൂർ രാജേഷിന്റെ നേതൃത്വത്തിൽ 5 പുലികളും 5 താളക്കാരും അടങ്ങിയ പത്തംഗ സംഘമാണ് തൃശൂരിൽ നിന്ന് മലകയറിയെത്തിയത്. സംഘത്തിലെ രാാജേഷ്, രമേശ്, സോമൻ, ഋഷി, ബാബു എന്നീ പുലികളും സുഭാഷ്, രാജേഷ്, കുട്ടൻ, വിനോദ്, ശ്രീജിത്ത് എന്നീ മേളക്കാരുമാണ് ഓണം ഘോഷയാത്രയിൽ കാണികൾക്ക് ആവേശം പകർന്ന് നീങ്ങിയത്. ചെറുതോണി ടൗൺഹാളിൽ രാവിലെ തുടങ്ങിയ പുലിച്ചമയമൊരുക്കൽ ഉച്ചയോടെയാണ് പൂർത്തിയായത്. ഗറില്ല പൗഡറും വാർണീഷും ചേർത്തൊരുക്കിയ വർണക്കൂട്ടുകൾകൊണ്ട് മണിക്കൂറുകളെടുത്താണ് ശരീരത്തിൽ പുലിഭാവങ്ങൾ തീർത്തത്. സുഭാഷും ശ്രീജിത്തുമാണ് പുലികളുടെ ശരീരത്തിൽ വർണ വിസ്മയം തീർത്തത്. രണ്ട് വീതം വീക്കൻ, ഉരുട്ട് ചെണ്ടകളും ഒരു ഇലത്താളവുമാണ് പുലികളുടെ ചുവടുകൾക്കൊത്ത് നഗര ഹൃദയത്തിലെ ആവേശത്തിന് താളം പകർന്നത്.