 
തൊടുപുഴ: 'ജാഗ്രത വേണം, ലഹരിക്കും ലഹരി മാഫിയക്കെതിരെയും" എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ജാഗ്രത സദസും സംഘടിപ്പിച്ചു. ജാഗ്രത സദസ് മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയിരിക്കുന്ന ലഹരിക്കെതിരെയും ചതിക്കുഴി ഒരുക്കി കാത്തു നിൽക്കുന്ന ലഹരി മാഫിയക്കെതിരെയും നമ്മുടെ നാട് ഒറ്റക്കെട്ടായി പോരാടണമെന്ന് റോയ് കെ. പൗലോസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഹൈൽ അൻസാരി, ജോബി സി. ജോയി, സംസ്ഥാന സെക്രട്ടറി മുനീർ സി.എം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണി എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ നിതിൻ ലൂക്കോസ്, സിബി ജോസഫ്, ജോസുകുട്ടി ജോസഫ്, സി.എസ്. വിഷ്ണുദേവ്, അസ്‌ലം ഓലിക്കൻ, വദ്ധൻ യശോധരൻ എന്നിവർ നേതൃത്വം നൽകി. ലഹരിക്കും ലഹരി മാഫിയക്കെതിരെയും ക്യാമ്പസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നിയോജക മണ്ഡലം തലത്തിൽ ജാഗ്രത സദസുകളും ജില്ലാ തലത്തിൽ കാൽനട ജാഥയും നടത്താൻ തീരുമാനിച്ചതായും ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു.