പീരുമേട്:വർഷങ്ങളായി ഓണം ആഘോഷിക്കാനാവതെ നിത്യ ദുരിതത്തിലായിരുന്ന വണ്ടിപ്പെരിയാർ ചുരക്കുളം ടീ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഇത്തവണ ഓണം പൊന്നോണമാണ്. അവർക്ക് ആഘോഷിക്കാനുള്ള ജീവിത സാഹചര്യമാണ് ഇത്തവണ ഒരുങ്ങിയത്. നിരവധി പ്രാവശ്യം തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും നൽകാനാകാതെ അടച്ചുപൂട്ടിയവണ്ടിപ്പെരിയാർ ചുരക്കുളം ടി എസ്റ്റേറ്റ് പതിയ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് ലേലത്തിലൂടെ തോട്ടം ഏറ്റെടുത്തത്. 500 ഏക്കർ തോട്ടത്തിൽ 350 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്
തേയിലവ്യവസായത്തിന്റ പ്രതാപകാലത്ത് ഏകദേശം 500 ഏക്കറോളം വരുന്ന സ്ഥലത്ത് ആരംഭിച്ചതാണ് എസ്റ്റേറ്റ് . ആദ്യ കാല ഉടമയിൽ നിന്നും എം. എ.ജെ. പ്ലാന്റേഷൻ ചുരക്കുളം എസ്റ്റേറ്റ് വാങ്ങുകയായിരുന്നു. ഇതിന് ശേഷം തേയില വ്യവസായം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ കാലഘട്ടങ്ങളിൽ മാനേജ്‌മെന്റും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു.തേയിലത്തോട്ടം നടത്തിപ്പ് നഷ്ടത്തിലായതോടെ തോട്ടത്തിനാവശ്യമായ പ്രവർത്തനങ്ങൾ മാനേജ്‌മെന്റ് നടത്താതെ തോട്ടം പ്രതിസന്ധിയിലായി. പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ ഓണത്തിന് മുഴുവൻ തൊഴിലാളികൾക്കും500 രൂപവീതം നൽകി. ഓണസദ്യയും നൽകി. ശോച്യവസ്ഥയിലായ ലയങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് വാസയോഗ്യമാക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. തോട്ടം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ച് കൊണ്ടുപോകാൻ തൊഴിലാളികളൊടൊപ്പം ഉണ്ടാകുമെന്ന് ധന്യ കൺസ്ട്രക്ഷൻ എം.ഡി. ചന്ദ്രബാബു പറഞ്ഞു.