തൊടുപുഴ: കൊടുമുടികൾ കീഴടക്കാനുള്ള തന്റെ രണ്ടാം ദൗത്യത്തിൽ ലഡാക്കിൽ ദേശീയ പതാക സ്ഥാപിച്ച് സംസ്ഥാന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായ അർജ്ജുൻ പാണ്ഡ്യൻ. ഇന്ത്യാ- പാക്ക് അതിർത്തിയിൽ ലഡാക്കിലെ മൗണ്ട്നൺ കൊടുമുടിയുടെ 6129 മീറ്റർ (20,108 അടി) ഉയരത്തിലാണ് അർജ്ജുൻ ദേശീയ പതാക സ്ഥാപിച്ചത്. ഇന്ത്യൻ മൗണ്ടനീയറിംഗ് ഫൗണ്ടേഷന്റെ (ഐ.എം.എഫ്) അംഗീകാരത്തോടെ നടത്തിയ 21 ദിവസത്തെ പർവതാരോഹണ പര്യവേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 17നാണ് മൗണ്ട് നൺ കൊടുമുടിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഒരു ബ്രിട്ടീഷ് പൗരനും ജാർക്കണ്ഡ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും ചേർന്ന് ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യ ഘട്ടമായി 4600 മീറ്റർ ഉയരത്തിലുള്ള ടാംഗോൾ ബേസ് ക്യാമ്പിലെത്തി മൂന്ന് ദിവസം താമസിച്ചു. ഇവിടെ നിന്നുമാണ് പർവ്വതാരോഹണത്തിലെ ഏറ്റവും ദുഷ്ടകര ദൗത്യം ആരംഭിക്കുന്നത്. 5,500 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ് 1 ലേക്കാണ് എത്തുന്നത്. തുടക്കം മുതൽ പ്രതികൂല കാലാവസ്ഥയായിരുന്നു. സംഘത്തിലെ രണ്ട് പേർ ഇവിടെ നിന്നും പിൻമാറി. ആഗസ്ത് 30ന് മൗണ്ട് നൺ കൊടുമുടിയിലെ 6129 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ് 2 വിലെത്തി. അടുത്ത ദിവസം മൂന്ന് പേർ കൂടി പിൻവാങ്ങി. എന്നാൽ അർജ്ജുനും ജാർക്കണ്ഡ് സ്വദേശിയും കൂടുതൽ ഉയരം കീഴടക്കുക എന്ന ലക്ഷ്യത്തോടെ അവിടെ രണ്ട് ദിവസം കൂടി താമസിച്ച് പര്യവേഷണ ശ്രമങ്ങൾ തുടർന്നു. ശക്തമായ ഹിമപാതവും പ്രവചനാതീതമായ കാലാവസ്ഥയും തുടർന്നതിനാൽ അവിടെ നിന്നും മൂന്നാം ദിവസം പർവ്വതാരോഹണം നിർത്തി മടങ്ങേണ്ടിവന്നു. ഇത്തവണത്തെ കൊടുമുടി കയറ്റം രാജ്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് ഹോത്സവിനും ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ 50 ആം വർഷത്തിനും പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ കാമ്പെയ്‌നും സമർപ്പിക്കുന്നതായി അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു. തുടർച്ചയായി പർവ്വതാരോഹണം നടത്തുന്നയാളാണ് ഇടുക്കിയിലെ മലയോര മേഖലയായ ഏലപ്പാറ ബോണാമിയിൽ ജനിച്ച് വളർന്ന അർജ്ജുൻ പാണ്ഡ്യൻ. ഇക്കഴിഞ്ഞ മേയ് മാസത്തിൽ സമുദ്ര നിരപ്പിൽ നിന്നും 5,760 മീറ്റർ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ2 (ഡി.കെ.ഡി2) അർജ്ജുൻ കീഴടക്കിയിരുന്നു.