തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ, ശാഖകളിലും ഓഫീസുകളിലും ഹൗസ് കീപ്പിങ് തൊഴിൽ ചെയ്യുന്ന, പുറുംകരാർ തൊഴിലാളികൾക്ക് കരാർ ഏറ്റെടുത്തിട്ടുള്ള ഏജൻസികൾ ഓഗസ്റ്റ് മാസത്തെ ശമ്പളം ഇത് വരെ നൽകിയില്ല.ശമ്പള വിതരണം വൈകുന്നത് ചൂണ്ടിക്കാട്ടി, തൊഴിലാളികളുടെ സംഘടനയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോൺട്രാക്ട് ആൻഡ് കാഷ്വൽ ലേബർ യൂണിയൻ, ഏജൻസിയെ സമീപിക്കുകയും ഒന്നാം ഓണത്തിന് മുൻപ് ശമ്പളം നൽകണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരുവോണ നാളിലും ശമ്പളം നൽകാത്ത ക്രൂരത ആണ് ഏജൻസിയിൽ നിന്നും തൊഴിലാളികൾക്ക് നേരിടേണ്ടി വന്നത്. ചില ജില്ലകളിൽ കരാർ ഏറ്റെടുത്തിട്ടുള്ള ചില ഏജൻസികൾ, ബോണസ് നൽകുന്ന കുറഞ്ഞ നിരക്കിലാണ് വിതരണം ചെയ്തിട്ടുള്ളത്.

തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള പണം ബാങ്ക്, ഏജൻസിക്കു നൽകിയിട്ടുള്ളതാണ് ., അത് തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിലാണ് ഏജൻസി വീഴ്ച വരുത്തിയിട്ടുള്ളത്. ഇതിനെതിരെ ലേബർ ഓഫീസുകളിലും ബാങ്ക് മാനേജ്‌മെന്റിനും പരാതി നൽകാനും ഏജൻസിക്കെതിരെ കടുത്ത പ്രക്ഷോഭ പരിപാടികൾക്കും മറ്റു നിയമ നടപടികളിലേക്കും പോകുമെന്നും സംഘടന നേതൃത്വം തീരുമാനുമെടുത്തു.