തൊടുപുഴ: ഓണാവധി ആഘോഷമാക്കാൻ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, രാമക്കൽമേട്, വാഗമൺ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരക്കണക്കിന് പേരാണ് എത്തിയത്. ഉത്രാടദിനം മുതൽ ആരംഭിച്ച തിരക്ക് തിരുവോണം, അവിട്ട ദിനങ്ങളിൽ ഇരട്ടിയായി. ഡി.ടി.പി.സിയുടെ കീഴിലുള്ള ഒമ്പത് ടൂറിസം കേന്ദ്രങ്ങളിൽ തിരുവോണദിനത്തിൽ 6035 സഞ്ചാരികളാണെത്തിയത്. ഉത്രാടദിനത്തിലിത് 3010 ആയിരുന്നു. മലയാളികളാണ് സഞ്ചാരികളിലേറെയും. എന്നാൽ വിദേശികളും അന്യസംസ്ഥാനക്കാരും കുറവായിരുന്നില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സ്ഥലങ്ങളിലും ജനത്തിരക്ക് കുറവില്ലായിരുന്നു. തിരക്കേറിയതോടെ മൂന്നാറും വാഗമണ്ണുമടക്കമുള്ള പലയിടങ്ങളിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് അനുബന്ധ മേഖലകളും പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ അടിയ്ക്കടിയെത്തുന്ന മഴ സഞ്ചാരികളെ ബാധിക്കുന്നുണ്ട്. വാഗമൺ, ഇല്ലിക്കകല്ല്, മൂന്നാർ, ഇലവീഴാപൂഞ്ചിറ എന്നിങ്ങനെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവർ തൊടുപുഴയ്ക്കടുത്തുള്ള മലങ്കര ഹബ്ബിലേക്കും എത്തുന്നുണ്ട്. കുട്ടികളുടെ പാർക്ക്, മലങ്കര അണക്കെട്ട് സന്ദർശനം, പ്രകൃതിയുടെ മനോഹരമായ കാഴ്ച എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നതെങ്കിലും സഞ്ചാരികൾ കൂട്ടത്തോടെയാണ് ഇവിടേക്ക് എത്തുന്നത്. ഇന്നലെ 1434 പേരാണ് ഇവിടെയെത്തിയത്. തിരുവോണദിനത്തിൽ 850 പേരുമെത്തി. സാധാരണ മൂവായിരത്തിലേറെ സഞ്ചാരികളെത്തുന്ന മലങ്കരയിലും മഴയാണ് വില്ലനായത്.
തിരുവോണദിനത്തിലെ സഞ്ചാരികൾ
മാട്ടുപ്പെട്ടി- 140
രാമക്കൽമേട്- 977
അരുവിക്കുഴി- 402
എസ്.എൻ. പുരം- 493
വാഗമൺ മൊട്ടക്കുന്ന്- 1798
വാഗമൺ പാർക്ക്- 555
പാഞ്ചാലിമേട്- 1208
ഇടുക്കി ഹിൽവ്യൂ പാർക്ക്- 334
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ- 128
മഴപ്പേടി: മൂന്നാറിൽ തിരക്കില്ല
നേരത്തെയുള്ള മഴ മുന്നറിയിപ്പും രാത്രികാല യാത്രാ നിരോധനവുമെല്ലാം കാരണമാകാം മൂന്നാറിൽ പ്രതീക്ഷിച്ച സഞ്ചാരികൾ ഇത്തവണ എത്തിയില്ല. അവിട്ട ദിനമായ ഇന്നലെ 2200 പേരാണ് ഇരവികുളം ദേശീയോദ്യാനത്തിലെത്തിയത്. ഉത്രാടദിനത്തിൽ എണ്ണൂറും തിരുവോണത്തിന് 1100 പേരുമാണെത്തിയത്. കഴിഞ്ഞവർഷം ഓണത്തിന് കൊവിഡ് കാലമായിട്ട് കൂടി ഈ ദിവസങ്ങളിലെല്ലാം മൂവായിരത്തിലേറെ സഞ്ചാരികളുണ്ടായിരുന്നു. ഒരു ദിവസം പരമാവധി 2880 പേർക്ക് പ്രവേശനമുള്ള ദേശീയോദ്യാനത്തിൽ ഈ മൂന്ന് ദിവസങ്ങളിലും മുഴുവൻ ടിക്കറ്റും വിറ്റു പോയി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ തിരുവോണദിനത്തിൽ 128 പേർ മാത്രമാണെത്തിയത്. മഴ മാറിയാൽ വരുംദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.