പീരുമേട് : ദേശീയപാത 183 ൽ മുണ്ടക്കയം മുതൽ കുമളി വരെയുള്ള അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പീരുമേട് വികസന സമിതി യോഗം തീരുമാനിച്ചു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേക താലൂക്ക് സമിതി രൂപീകരിക്കും .എം.എൽ.എ,തഹസിൽദാർ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്മാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. ജില്ലാ അതിർത്തിയായ മുണ്ടക്കയം 35 ആംമൈൽ മുതൽ കുമളി വരെ കയ്യേറ്റം വ്യാപകമാണ് .ഇതിന് മുൻപ് പലതവണ താലൂക്ക് സഭയിൽ ചർച്ച ചെയ്തിട്ടും നടപടികൾ ഉണ്ടായിട്ടില്ല. നോട്ടീസ് നൽകുന്നത് മാത്രമായി ഒതുങ്ങി ഇതുമൂലം കയ്യേറ്റങ്ങൾ വർദ്ധിച്ചു .പുതിയ കയ്യേറ്റങ്ങൾകൂടി വ്യാപകമാവുകയായിരുന്നു. താൽക്കാലി ഷെഡ്ഡുകൾ പലയിടത്തും സ്ഥിര കെട്ടിടങ്ങൾ ആയി മാറി. ഈ സാഹചര്യത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർമാത്രം വിചാരിച്ചാൽ ഒഴിപ്പിക്കൽ വിജയിക്കില്ലെന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന് പ്രത്യേകം സമിതിക്ക് രൂപം നൽകാൻ തയ്യാറായി. ഒന്നാംഘട്ടം എന്ന നിലയിൽ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകി . തോട് കയ്യേറ്റങ്ങൾ കണ്ടെത്താൻ ഇറിഗേഷൻവകുപ്പിനോട് ആവശ്യപ്പെട്ടു .കയ്യേറ്റം മൂലം വണ്ടിപ്പെരിയാർ ചോറ്റുപാറ കൈ തോടിന്റെ ഇരുവശവും വീതി ഇല്ലാതായി. ഇതുമൂലം ശക്തമായ മഴ ഉണ്ടായാൽ ഇവിടെ വെള്ളപൊക്കം സ്ഥിരമാണ്. കയറ്റക്കാരുടെ പട്ടിക തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. കാലവർഷത്തിലും മലയിടിച്ചിലും തുടർന്ന് ദേശിയ പാതയിൽ വീണ പാറക്കൂട്ടങ്ങളും മൺകൂനകളും നീക്കം ചെയ്യാതെ കിടക്കുകയാണ്. വളവുകളിൽ മാർഗ്ഗതടസത്തിനു പുറമ വാഹന അപകടത്തിനും ഇത് ഇടയാക്കുന്നു. ഉപയോഗശൂന്യമായ വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും കിടക്കുന്നതും ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി.