കുമളി: വ്യാപാരി വ്യവസായി ഏകോപന സമിതി ആനവിലാസം യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. വള്ളിയാംതടം ടൗണിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ചക്കുപള്ളം ഗ്രാമ പഞ്ചായത്തംഗം സുരേന്ദ്രൻ കുടിലുമറ്റം ഫ്ളാഗ് ഒഫ് ചെയ്തു. വാദ്യാമേളങ്ങളോട് കൂടിയും നിരവധി കലാരൂപങ്ങളോട് കൂടിയുമുള്ള സംസ്‌കാരിക ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഘോഷയാത്ര ആനവിലാസം ടൗണിൽ എത്തിച്ചേർന്നതിനു ശേഷം കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളാരംകുന്ന് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ആനവിലാസം യൂണിറ്റ് പ്രസിഡന്റ് വി.സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി ബിനീഷ് കുമാർ സ്വാഗതം ആശംസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിലർ ഷിബു ജോർജ് വള്ളിയാതടം, ആനവിലാസം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എബ്രഹം ജോർജ്ജ്, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്തംഗം ലിസി കുര്യാക്കോസ്, ശങ്കലി മുത്തു. സെബാസ്റ്റ്യൻ ജോസ് , ഷിബു മുതലക്കുഴി എന്നിവർ സംസാരിച്ചു. ആനവിലാസത്തെ വിദ്യാഭ്യാസ കലാകായിക രംഗത്തെ പ്രതിഭകൾക്ക് മൊമന്റോ നൽകി ആദരിച്ചു.