നെടുങ്കണ്ടം: കേരളാ തമിഴ്‌നാട് അതിർത്തിയായ ശൂലപ്പാറയിലെ ആദിവാസി കോളനിയിൽ കാട്ടാനകൾ രണ്ട് വീടുകൾ തകർത്തു. തിരുവോണ ദിവസം രാത്രിയാണ് കാട്ടാനകൾ കുടിയിൽ കൂട്ടമായി എത്തിയത്. ആഞ്ഞിലിക്കൽ കുമാരി ഗോപാലൻ, ആഞ്ഞിലിക്കൽ പഞ്ചമണി ചന്ദ്രൻ എന്നിവരുടെ വീടുകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തിരുവോണമായതിനാൽ വീട്ടുകാർ അടിമാലിയിലെ ബന്ധുവീട്ടിൽ പോയിരുന്നു.ഇവരുടെ 50 സെന്റോളം സ്ഥലത്തെ ഏലം, കാപ്പി തുടങ്ങിയ കൃഷികൾ പൂർണമായും കാട്ടാനകൾ നശിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പെടുന്ന ശൂലപ്പാറ ആദിവാസി കുടിയിൽ 18 ഓളം വീടുകളാണ് ഉള്ളത്. മുമ്പ് ഇവിടെ 25 ഓളം ആദിവാസികൾ താമസിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണം മൂലവും സഞ്ചാരയോഗ്യമായ വഴി ഇല്ലാത്തതിനാലും ഭൂരിഭാഗം പേരും ഇവിടെ നിന്നും മാറിയിരുന്നു. കഴിഞ്ഞവർഷമാണ് ഇവരിൽ 18 ഓളം കുടുംബങ്ങൾ തിരികെയെത്തിയത്. മഴക്കാലമായാൽ കാട്ടാനകളുടെ ശല്യം ഇവിടെ രൂക്ഷമാണ്. രാത്രിയിൽ തീകത്തിച്ചും പാട്ട കൊട്ടിയുമാണ് ഇവർ കഴിഞ്ഞുകൂടുന്നത്. ഇവിടെ സൗര വൈദ്യുത വേലിയും കിടങ്ങും സ്ഥാപിച്ച് കാട്ടാനകളുടെ ശല്യത്തിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. കാട്ടാനശല്യം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് എന്നിവിടങ്ങളിൽ സൗര വേലിയുള്ളതിനാൽ കാട്ടാനകൾ വഴിമാറി ശൂലപ്പാറയിലേക്കാണ് എത്തുന്നത്. കാട്ടാന ആക്രമണം ഉണ്ടായ സ്ഥലത്ത് ഫോറസ്റ്റ് ഓഫീസർ നിഷാദ്, പഞ്ചായത്തംഗം ഡി ജയകുമാർ, എസ്.ടി പ്രമോട്ടർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.