 
ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പഞ്ചായത്ത് ദുരിതാശ്വാസ നിധി ജില്ലക്കാകെ മാതൃകയാണെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി രൂപീകരിച്ച ദുരിതാശ്വാസ നിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ സ്വന്തമായി ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കുന്നത്. അവശതയനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം സഹായകരമാകുമെന്നും അവർ പറഞ്ഞു.
വാഹനാപകടത്തിൽ മരണമടഞ്ഞ ചീനിക്കുഴി പടിഞ്ഞാറയിൽ ജിജോയുടെ കുടുംബത്തിന് കളക്ടർ ആദ്യ സഹായം കൈമാറി. ഉടുമ്പന്നൂർ പി.കെ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്തിലെ 171 ആശ്രയ ഗുണഭോക്താക്കൾക്കും 32 ഹരിതകർമ്മ സേനാംഗങ്ങൾക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവി കെ.വി. കുര്യാക്കോസ് ഓണക്കോടികൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ശാന്തമ്മ ജോയി, ബീന രവീന്ദ്രൻ, സുലൈഷ സലിം, പി.ജെ. ഉലഹന്നാൻ, ജോർജ്ജ് അറയ്ക്കൽ, വി.കെ. സോമൻ പിള്ള, അശ്വതി മധു, എം.ജെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷീബ ഭാസ്‌കരൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോൺ ജി ഗ്രീക്ക് നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയും ഐ.സി.ഡി.എസ് പോഷക വാരാചരണ ബോധവത്കരണ പ്രദർശനവും നടന്നു. ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു കൊണ്ടുള്ള കാർഷിക ചന്തയും വിവിധ എ.ഡി.എസ്കൾക്കായുള്ള തിരുവാതിര അത്തപ്പൂക്കള മത്സരവും നടന്നു.