 
പീരുമേട്: മഴയാണെന്ന് കരുതി, ഈ അവധി കാലം മുഴുവൻ വെറുതെ വീട്ടിലിരിക്കാനൊക്കുമോ... മഞ്ഞും മഴയും ആസ്വദിക്കുകയാണ് യുവത. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ വിനോദ സഞ്ചാര മേഖലകളായ പാഞ്ചാലിമേട്, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, വാഗമൺ, പരന്തുംപാറ, തേക്കടി എന്നിവിടങ്ങളിൽ അനുഭവപ്പെട്ട തിരക്ക്. തിരുവോണം, അവിട്ടം ദിനങ്ങളിലെത്തിയ സഞ്ചാരികളുടെ ഇരട്ടിയാണ് ഇപ്പോഴെത്തുന്നത്. പീരുമേട്ടിൽ ചന്നംപിന്നം പെയ്യുന്ന മഴയെയും തന്നുപ്പിനെയും അവഗണിച്ചെത്തുന്ന വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമാണെങ്ങും. ചെറിയ മഴയെയും മഞ്ഞിനെയും തണുപ്പിനെയും ആസ്വദിക്കുന്ന യുവാക്കളുടെ കൂട്ടമായിരുന്നു വളഞ്ഞങ്ങാനത്തും പരുന്തുംപാറയിലും വാഗമണ്ണിലും കണ്ടത്. ജോലിയിലെ തിരക്കും പിരിമുറക്കം മാറ്റി കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാനെത്തിയവരും കുറവല്ല. ശനിയാഴ്ച രാത്രി 12 നും കുട്ടിക്കാനം വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. ഹോട്ടലുകളിലും റെസ്റ്റോറന്റകളിലും രാത്രിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ എത്തിയവർക്ക് ഭക്ഷണവും കിട്ടാനില്ലായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം രാത്രികാലങ്ങളിൽ നാട്ടുകാർ അധികവും പുറത്തിറങ്ങാൻ മടികാണിക്കുമ്പോഴാണ് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം പീരുമേട് മേഖലയാണ് തിരഞ്ഞെടുക്കുന്നത്. ദേശീയ പാത 183ൽ കൂടി വരുന്നവർ ആദ്യം വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാനിറങ്ങും. ഇവിടെ ഇറങ്ങി കുളിക്കുന്നവരുടെ എണ്ണവും കുറവല്ല. കഴിഞ്ഞ ദിവസങ്ങളിൽ വാഹനം ഇവിടെ നിറുത്താനിടമില്ലാത്ത വിധം റോഡിൽ തിരക്കായിരുന്നു. ഈ വെള്ളചാട്ടത്തിന്റെ വളർച്ചയോടെ പത്തിലധികം വ്യാപാര സ്ഥാപനങ്ങൾ ഇവിടെ ഉയർന്നുവന്നിട്ടുണ്ട്. കുട്ടിക്കാനത്തെ മഴയും തണുപ്പിനെയും മഞ്ഞിനെയും ഇഷ്ടപ്പെട്ട് എത്തുന്ന സഞ്ചാരികൾ ആണ് അധികവും.