 
രാജാക്കാട്: പാൽനുര ചുരത്തി പതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിന് കുറുകെ ഉരുക്കുവടത്തിൽ തൂങ്ങി പറക്കാൻ സാഹസിക വിനോദ സഞ്ചാരികളെ മാടി വിളിക്കുകയാണ് രാജാക്കാട് ശ്രീനാരായണപുരം വിനോദസഞ്ചാര കേന്ദ്രം. മുതിരപ്പുഴയാറിന് കുറുകെയാണ് 225 മീറ്ററിലധികം നീളത്തിൽ സ്വിപ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. മറുകരയിലേയ്‌ക്കെത്തിയതിലും 30 അടിയിലധികം ഉയരത്തിലൂടെയാണ് തിരികെയുള്ള യാത്ര. മുതിരപ്പുഴയാറിനും വെള്ളച്ചാട്ടത്തിനും മുകളിലൂടെയുള്ള ഈ വരവിലാണ് മനോഹരമായ ആകാശ കാഴ്ച ആവേശപൂർവ്വം ആസ്വദിക്കാൻ കഴിയുക. അതുകൊണ്ട് ജില്ലയിൽ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ് ടൂറിസം സെന്റർ. നാല് മാസം മുമ്പ് സ്വിപ് ലൈൻ സ്ഥാപിച്ചതിന് ശേഷം സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തുന്നത്. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശ്രീനാരായണപുരത്ത് ഇപ്പോൾ തിരക്കൊഴിഞ്ഞ സമയമില്ല. സാഹസിക വിനോദ സഞ്ചാരത്തിനുള്ള പുതിയ പദ്ധതികളും ഡി.ടി.പി.സി തയ്യാറാക്കി വരികയാണ്. 1500 കിലോ ഭാരം വരെ താങ്ങാൻ കഴിയുന്ന റോപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് റോപ്പുകളിൽ കൂടി ഒരേ സമയം രണ്ട് പേരെ കയറ്റിവിടാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇരുകൈകളും വിട്ടാൽ പോലും ശരീരം താഴോട്ട് മറിയാത്ത തരത്തിലാണ് റോപ്പിൽ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും ഭയമില്ലാതെ സ്വിപ് ലൈൻ യാത്ര ആസ്വദിക്കാൻ ഇവിടെ എത്താറുണ്ടെന്ന് ടൂറിസം സെന്റർ മാനേജർ സി.ജി. മധു പറഞ്ഞു.