sindhu
കർഷക മിത്ര പുരസ്‌കാരം ഡീൻ കുര്യാക്കോസ് എം.പി സിന്ധു ചാക്കോയ്ക്ക് സമ്മാനിക്കുന്നു

തൊടുപുഴ: കാർഷിക സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ക്ലബ്ബിന്റെ രണ്ടാമത് കർഷക മിത്ര അവാർഡ് ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകയായി തിരഞ്ഞെടുത്ത ഇടുക്കി സ്വദേശി സിന്ധു ചാക്കോയ്ക്ക് നൽകി. 50,000 രൂപയും പ്രശസ്തി പത്രവും സിന്ധു ചാക്കോയ്ക്ക് ഡീൻ കുര്യാക്കോസ് എം.പി കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യാതിഥിയായി. ഇല മാഗസിൻ കവർ പേജ് പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജും യൂട്യൂബ് ചാനൽ ലോഞ്ചിങ് കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാനും നിർവഹിച്ചു. ഇല നേച്ചർ ക്ലബ് പ്രസിഡന്റ് സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കോർഡിനേറ്റർ ലിറ്റിഷ് കെ. മാത്യു സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലയിലെ മികച്ച അഞ്ച് കർഷകരെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. കർഷകരായ പി.എസ്. സുധാകരൻ, ജോസ് ജേക്കബ്, ടി.കെ. രാജു, ബിൻസി ജെയിംസ്, മാസ്റ്റർ ടോം തോമസ് സെബാസ്റ്റ്യൻ എന്നിവരെയാണ് ആദരിച്ചത്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാക്കളായ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ, ടോണി ജോൺ, സിനോജ് പി.ജെ, അനീഷ് കുമാർ എസ്, ബേസിൽ പി. ഐസക് എന്നിവർ ഇലയുടെ ആദരവ് ഏറ്റുവാങ്ങി. യു.എൻ സുസ്ഥിര വികസന സെമിനാറിൽ ജില്ലയെ പ്രതിനിധീകരിച്ച ഇരട്ടയാർ പഞ്ചായത്തിന്റെ പ്രസിഡന്റ് ജിൻസൻ വർക്കിയെ യോഗത്തിൽ ആദരിച്ചു. മാധ്യമ പ്രവർത്തകൻ എം.സി ബോബൻ, മികച്ച നേച്ചർ ഫോട്ടോഗ്രാഫർ ജീവ കുര്യൻ, പ്രശസ്ത നാടൻപാട്ട് കലാകാരൻ അജീഷ് തായില്യം, പ്രശസ്ത കവി സുഗതൻ കരുവാറ്റ, റിയാലിറ്റി ഷോ വിജയി ബേബി ആന്മരിയ സോബിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.