തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം പരമാവധിയായി തുടരുന്നു. ആഗസ്ത് ആദ്യം മുതലാണ് മഴ കനത്തതോടെ ഉത്പാദനം പരമാവധിയിലേക്ക് ഉയർത്തിയത്. നിലവിൽ ജില്ലയിൽ മഴ കുറവുണ്ടെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ആഗസ്തിൽ 17.03 മില്യൺ യൂണിറ്റായിരുന്നു ശരാശരി ഉത്പാദനം. പിന്നീട് ഈ മാസം ചെറിയ കുറവ് വന്നെങ്കിലും ദിവസം ശരാശരി 16.76 മില്യൺ യൂണിറ്റിൽ തുടരുകയാണ്. ആകെയുള്ള ആറ് ജനറേറ്ററുകൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ചാൽ 18.72 മില്യൺ യൂണിറ്റ് ഉത്പാദിപ്പിക്കാനാകും. എന്നാൽ 18ന് മുകളിൽ ഉത്പാദനം പോകുന്നത് അപൂർവ ഘട്ടങ്ങളിൽ മാത്രമാണ്. 2387.52 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 82.28 ശതമാനം. പരമാവധി 2403 അടി വെള്ളം സംഭരിക്കാനാകും. സംഭരണിയിലേക്ക് കഴിഞ്ഞ 10 ദിവസത്തിനിടെ 205.745 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. അതേ സമയം ഉത്പാദനം കൂടി നിൽക്കുന്നത് കൃത്യസമയത്ത് ജനറേറ്റർ അറ്റകുറ്റപണി നടത്തുന്നതിന് തടസമാവുകയാണ്.

ചെറുഡാമുകളും നിറഞ്ഞ് തന്നെ

മാട്ടുപ്പെട്ടി- 91, കുണ്ടള- 95, ആനയിറങ്കൽ- 100, പൊന്മുടി- 93, നേര്യമംഗലം- 97, ലോവർപെരിയാർ- 100 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് പ്രധാന സംഭരണികളിലെ ജലനിരപ്പ്. മഴയെത്തിയാൽ ഇവയെല്ലാം വീണ്ടും കൂട്ടത്തോടെ തുറക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ഈ വർഷം നിരവധി തവണയാണ് ചെറു ഡാമുകൾ തുറന്നത്.