തൊടുപുഴ: ഒമ്പതു വയസുകാരന് അടുത്ത വീട്ടിലെ നായുടെ കടിയേറ്റു. ഒളമറ്റം ആനിക്കോട്ടിൽ ആശിഷിനാണ് വീടിനു സമീപത്തുള്ള വളർത്തു നായയുടെ കടിയേറ്റത്. കുട്ടിയെ രക്ഷിതാക്കൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് ആദ്യ ഡോസ് പ്രതിരോധ വാക്‌സിൻ എടുത്തെങ്കിലും ഇതോടൊപ്പം എടുക്കേണ്ട എച്ച്.ആർ.ഐ.ജി സിറം ഇല്ലാതിരുന്നതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പത്തു വയസിൽ താഴെയുള്ള കുട്ടിയായതിനാലാണ് പേവിഷ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ വാക്‌സിനു പുറമെ സിറം കൂടി നൽകുന്നത്. ഇതോടെ രക്ഷിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് അടിയന്തരമായി കുത്തിവയ്പ് എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആശിഷ്. ഈ സമയം വീടിനടുത്ത് വാടകയ്ക്കു താമസിക്കുന്നവരുടെ വളർത്തു നായ കുട്ടിയെ കടിക്കുകയായിരുന്നു.

സിറമില്ലാത്തത് പ്രതിസന്ധി

ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പ്രതിരോധ വാക്‌സിൻ സ്റ്റോക്കുണ്ടെങ്കിലും എച്ച്.ആർ.ഐ.ജി സിറം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒന്നുകിൽ മെഡിക്കൽ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കുട്ടികൾക്ക് കൂടുതലായി നായുടെ കടിയേൽക്കുന്ന സാഹചര്യത്തിൽ ഇത് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അടിയന്തരമായി എത്തിക്കണമെന്ന ആവശ്യം ശക്തമായി.