തൊടുപുഴ: നഗരസഭാ പരിധിയിൽ താമസിക്കുകയും നായ്ക്കളെ വളർത്തുകയും ചെയ്യുന്ന മുഴുവൻ വ്യക്തികളുടെയൂം വളർത്ത് നായകൾക്ക് പേവിഷപ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് നിയമാനുസരണം നഗരസഭാ ലൈസൻസ് എടുക്കണമെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം പരിപാടികൾക്കായി തൊടുപുഴ നഗരസഭ 2022-23 സാമ്പത്തിക വർഷം 1 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് വന്ധ്യംകരണ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതാണ്. 2019-20 വർഷം 298 നായ്ക്കളെയും 2020-21 വർഷം 58 നായ്ക്കളേയും വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുണ്ട് . ഇപ്പോഴത്തെ സാഹചര്യത്തിൽ നായശല്യം ക്രമാതീതമായി കൂടിയിട്ടുള്ളതും ജനങ്ങളുടെ ആശങ്ക വർദ്ധിക്കുന്നതിന് കാരണമായിട്ടുള്ളതുമാണ്. സർക്കാരിന്റെ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് വന്ധ്യംകരണ പ്രക്രിയ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതാണ്. ഇടുക്കി ജില്ലയിൽ കട്ടപ്പന, അടിമാലി, തൊടുപുഴ എന്നീ മൂന്ന് സെന്ററുകളാണ് വന്ധ്യംകരണ പ്രക്രിയയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പും ലൈസൻസ്സും എടുക്കാത്ത സ്വകാര്യ വ്യക്തികളുടെ നായ്ക്കളിൽ നിന്ന് ആർക്കെങ്കിലും ആക്രമണം നേരിടേണ്ടിവരുന്നപക്ഷം അവരുടെ ചികിത്സയ്ക്കും സാമ്പത്തിക ചെലവുകൾക്കും മറ്റ് കഷ്ടനഷ്ടങ്ങൾക്കും ബന്ധപ്പെട്ടവർക്കെതിരെ നഗരസഭ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും ചെയർമാൻ അറിയിച്ചു.