അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ റോഡിൽ വീതി കുറവായതിനാൽ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ നേര്യമംഗലം ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിക്കുകയും നാല്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. അടിമാലി കുളമാംകുഴി സ്വദേശി സജീവാണ് മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സംരക്ഷണഭിത്തി തകർന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. ജനുവരിയിൽ വാളറയ്ക്കടുത്ത് ഒരു ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. ഈ ഭാഗത്ത് റോഡിന്റെ ഒരു വശം കൊക്കയും മറുഭാഗം പാറക്കെട്ടുമാണ്. കാലപ്പഴക്കം ചെന്ന സംരക്ഷണ ഭിത്തികൾ പലയിടത്തും ഇപ്പോഴും അപകട ഭീഷണിയുണർത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി പ്രദേശങ്ങളാണ് ഇവിടെ അപകടകരമായി നിലകൊള്ളുന്നത്. നേര്യമംഗലം വനമേഖലയിലെ പൂർണ്ണ തോതിലുള്ള റോഡ് വികസനം നാളുകളായി ഉയരുന്ന ആവശ്യമാണ്.ചിലയിടങ്ങളിൽ സംരക്ഷണ ഭിത്തി തീർത്തും വീതി വർദ്ധിപ്പിച്ചും ദേശീയപാത വികസനം സാദ്ധ്യമാക്കിയിട്ടുണ്ട്. വലിയ കൊക്കയോട് ചേർന്ന ഭാഗത്തുകൂടിയാണ് ഇവിടങ്ങളിലൊക്കെയും പാത കടന്നു പോകുന്നത്. പലപ്പോഴും മൺ തിട്ടയിലും മരങ്ങളിലുമടക്കം ഇടിച്ച് നിന്നാണ് വലിയ അപകടം വഴിമാറുന്നത്. നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ തുടർ വികസനപ്രവർത്തനങ്ങൾ കൂടി സാധ്യമാക്കണമെന്നാണാവശ്യം. അതേ സമയം റോഡ് വികസനത്തിന്റെ ഭാഗമായി ആറ് കോടിയുടെ ടെൻഡർ നടപടികൾ പുരോമിക്കുകയാണെന്നും വനമേഖല ഉൾപ്പെടുന്ന പ്രദേശത്തടക്കം ക്രാഷ് ബാരിയറുകളടക്കം സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.