obit-sajeev

 മരത്തിൽ തങ്ങിനിന്നതിനാൽ ദുരന്തമൊഴിവായി

അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം രണ്ടാംമൈലിലെ ചാക്കോച്ചി വളവിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. വാളറ കുളമാംകുഴി സ്വദേശി പാലയ്ക്കൽ സജീവ് ജോസഫാണ് (47) മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിന് മൂന്നാറിൽ നിന്ന് അറുപതോളം യാത്രക്കാരുമായി എറണാകുളത്തേക്ക് പുറപ്പെട്ട ആർ.എസ്.ഇ 269 നമ്പർ ബസാണ് ഏഴ് മണിയോടെ അപകടത്തിൽപ്പെട്ടത്. ഓണം അവധി കഴിഞ്ഞ് എറണാകുളത്തേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമാണ് കൂടുതലും ബസിൽ ഉണ്ടായിരുന്നത്. ചാക്കോച്ചി വളവിൽ കോതമംഗലത്തു നിന്ന് അടിമാലിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. മറിഞ്ഞ ബസ് 10 അടി താഴെയുള്ള മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഒരു തവണ വട്ടംമറിഞ്ഞ ബസ് മരത്തിൽ തങ്ങി ഡോറിന്റെ ഭാഗം നിലത്തുമുട്ടിയാണ് കിടന്നത്. ഇതിനിടയിൽ ബസിന്റെ ടയർ കല്ലിൽ തട്ടി പൊട്ടുകയും ചെയ്തു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജീവ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ കോതമംഗലത്തെ വിവിധ ആശുപത്രികൾ, കളമശേരി, ആലുവ രാജഗിരി, അടിമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അടിമാലി പഞ്ചായത്ത് മെമ്പർ ദീപ രാജീവിന്റെ ഭർത്തൃസഹോദരനാണ് മരിച്ച സജീവ്.