അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ പ്രധാന വളവുകളിലൊന്നായ ചാക്കോച്ചി വളവിന് ആ പേര് ലഭിച്ചത് തന്നെ 20 വർഷം മുമ്പുണ്ടായ ഒരു ബസ് അപകടത്തിലൂടെയാണ്. 2002 ഡിസംബറിൽ ഈ വളവിൽ 'ചാക്കോച്ചി" എന്ന് പേരുള്ള ഒരു സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അങ്ങനെയാണ് കുത്തനെയുള്ള ഈ വളവിന് 'ചാക്കോച്ചി വളവ് " എന്ന പേര് കിട്ടിയത്. അതിന് ശേഷം നിരവധി തവണ ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരാളുടെ മരണത്തിനിടയാക്കിയ ബസ് അപകടം പിന്നീട് ഉണ്ടാകുന്നത് ആദ്യമാണ്. വാളറ ഭാഗത്ത് നിന്ന് വരുമ്പോൾ നേരെയുള്ള റോഡിന് ശേഷം കുത്തനെയുള്ള രണ്ട് വളവുകളോട് കൂടിയതാണ് ചാക്കോച്ചി വളവ്. ഇവിടെ റോഡിന് വീതിയും വളരെ കുറവാണ്. ഇവിടെ ശ്രദ്ധയോടെ വാഹനം ഓടിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. കഴിഞ്ഞ മാസം മഴയിൽ മണ്ണിടിഞ്ഞ് ഇവിടത്തെ റോഡ് ഇടിഞ്ഞുപോയിരുന്നു.