അടിമാലി: തൃശ്ശൂരിലെ ആശുത്രിയിലേക്ക് പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പാലയ്ക്കൽ സജീവിനെ മരണം കവർന്നത്. കഴിഞ്ഞ ഒമ്പത് മാസമായി സജീവ് തൃശ്ശൂരിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഒരു മാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തുടർ ചെക്കപ്പിനും മരുന്ന് തീർന്നത് വാങ്ങുന്നതിനുമായിട്ടായിരുന്നു പിതാവ് ജോസഫിനൊപ്പം സജീവ് തൃശൂരിലെ ആശുപത്രിയിലേക്ക് പോയത്. പരിക്കേറ്റ് ബസിനുള്ളിൽ കുടുങ്ങിയ സജീവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ജോസഫിനും സാരമായി പരിക്കേറ്റിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ 20-ാം വാർഡ് മെമ്പർ ദീപ രാജീവിന്റെ ഭർത്താവിന്റെ സഹോദരനാണ് മരിച്ച സജീവ്. മൃതദേഹം കോതമംഗലം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ. സജീവിന്റെ സംസ്‌കാരം ഇന്ന് പഴമ്പിള്ളിച്ചാൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും.