അടിമാലി: 'പത്തടി താഴ്ചയിൽ ആ മരം ഇല്ലായിരുന്നെങ്കിൽ..." കണ്ടക്ടർ സുഭാഷിന് ഓർക്കാൻ കൂടിയാകുന്നില്ല. പുലർച്ചെ അഞ്ചിന് മൂന്നാറിൽ നിന്ന് പുറപ്പെട്ടതായതിനാൽ ബസിൽ ഭൂരിഭാഗം പേരും മയക്കത്തിലായിരുന്നു. ഓണാവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പലപ്പോഴും പോയിട്ടുള്ല റൂട്ടാണെങ്കിലും തീരെ പ്രതീക്ഷിക്കാതെയാണ് കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് സ്വകാര്യ ബസ് കയറി വന്നത്. ഇറക്കത്തിൽ ഡ്രൈവർ പരമേശ്വരൻ പെട്ടെന്ന് സൈഡ് നൽകിയെങ്കിലും റോഡരികിലെ സംരണക്ഷണഭിത്തി ഇടിയുകയായിരുന്നു. ഒരുതവണ വട്ടം മറിഞ്ഞ ബസ് പത്തടി താഴ്ചയിലെ ആ വലിയ മരത്തിൽ തട്ടി നിന്നു. ഇല്ലായിരുന്നെങ്കിൽ കൊക്കയിലേക്ക് പതിച്ച് വലിയ ദുരന്തം തന്നെയുണ്ടാകുമായിരുന്നു. റോഡിലൂടെ പോയ വാഹനത്തിലുള്ളവരാണ് ആദ്യം പരിക്കേറ്റവരെ പുറത്തെത്തിച്ചത്. വാതിലിന്റെ ഭാഗം താഴെയായതിനാൽ ജനൽ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. അപ്പോഴേക്കും വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടം നടന്ന ഭാഗത്ത് ഒരു വശത്ത് അഗാധമായ കൊക്കയും മറുവശം കുന്ന് നിറഞ്ഞ നേര്യമംഗലം വനമേഖലയുമാണ്.