തൊടുപുഴ: ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നവർക്ക് ദുരിതം.ആശുപത്രിയിലെ ഒ പി വിഭാഗത്തിന്റെ പ്രവർത്തന സമയം കഴിയുമ്പോഴും ഞായറാഴ്ച്ച ദിവസങ്ങളിലുമാണ് പ്രധാനമായും ആളുകൾ അത്യാഹിത വിഭാഗത്തെ സമീപിക്കുന്നത്.ഒ പി വിഭാഗം പ്രവർത്തിക്കാത്ത സമയങ്ങളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള മറ്റ് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമല്ല.ഈ സാഹചര്യത്തിൽ വിവിധ ചികിത്സകൾക്ക് വേണ്ടി അത്യാഹിത വിഭാഗത്തിലേക്ക് രോഗികൾ കൂട്ടത്തോടെയാണ് എത്തുന്നത്. എന്നാൽ നാമമാത്രമായ സൗകര്യം മാത്രമാണ് ഇവിടെ സജ്ജമാക്കിട്ടിട്ടുള്ളത്.രണ്ട് ഡോക്ടർമാരെയാണ് അത്യാഹിത വിഭാഗത്തിൽ നിയോഗിച്ചിരിക്കുന്നത്. ഞായറാഴ്ച്ചകളിലും മറ്റ് ചില ദിവസങ്ങളിലും രോഗികളുടെ തിരക്ക് കാരണം രണ്ടും മൂന്നും മണിക്കൂറുകൾ കാത്ത് നിന്നെങ്കിൽ മാത്രമാണ് ചികിത്സക്കായി എത്തിയവർക്ക് ഡോക്ടറെ കാണാൻ സാദ്ധ്യമാകൂ.അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തുള്ള നീണ്ട ക്യൂവിൽ മണിക്കൂറോളം നേരം രോഗികൾ ഒരേ നിൽപ്പ് നിൽക്കണം.ഇതേ തുടർന്ന് രോഗികൾ കൂടുതൽ അവശരാകുന്ന അവസ്ഥയാണുള്ളത്.തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് മരുന്ന് നൽകുന്നതിനാൽ വീണ്ടും ഇവിടെ തിരക്ക് കൂടുന്ന സാഹചര്യവുമാണ്.ഡോക്ടറെ കണ്ടത്തിന് ശേഷം രോഗികൾ തിരികെ ഇറങ്ങി വരുന്നത് ക്യൂവിലുള്ള രോഗികളുടെ ഇടയിലൂടെ തിക്കി തിരക്കിയുമാണ്.ഇത്‌ പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനും കാരണമാകാറുണ്ട്.

ടോക്കൺ സൗകര്യം ഇല്ല

ചീട്ട് എടുത്തതിന് ശേഷമാണ് അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണുന്നതെങ്കിലും ടോക്കൺ സൗകര്യം ഇല്ലാത്തത് രോഗികളെ ഏറെ കഷ്‌ട്ടത്തിലാക്കുകയാണ്.ചീട്ട് നൽകുന്ന ക്രമ നമ്പറിന് അനുസരിച്ച് രോഗികളെ ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിടുന്നതിന് ജീവനക്കാരെ നിയോഗിച്ചാൽ ഇതിന് പരിഹാരമാകും.എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ പരിഹരിക്കാനൊന്നും ആരും ഇടപെടൽ നടത്തുന്നില്ല.ഇത്‌ സംബന്ധിച്ച് പൊതു ജനങ്ങൾ ആശുപത്രി വികസന സമിതി അംഗങ്ങൾക്ക് പരാതി നൽകിയെങ്കിലും വികസന സമിതി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുക പോലും ചെയ്തില്ല എന്ന് പറയപ്പെടുന്നു.