തൊടുപുഴ : രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തുന്ന കാവവത്കരണത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. കേരള കേന്ദ്ര സർവകലാശാലയിൽ യോഗ്യതയില്ലാത്ത വൈസ് ചാൻസിലർ വെങ്കിടേശ്വരലുവിനെ പുറത്താക്കുക, രജിസ്ട്രാർ നിയമനത്തിലെ അഴിമതി പുറത്തുകൊണ്ടുവരിക, കേന്ദ്ര സർവകലാശാലയിലെ വിവിധ തസ്തികളിൽ നടന്ന നിയമനങ്ങൾ പ്രത്യേക അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസ് മാർച്ച് നടത്തി. തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ലിനു ജോസ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി മോഹനൻ,ജോയിന്റ് സെക്രട്ടറി ഷിയാസ് ഇസ്മായിൽ,സെക്രട്ടറിയേറ്റ് അംഗം ശ്രീരാഖി രാജൻ, ജോയൽ ജോസ് തുടങ്ങിയവർ സംസാരിച്ചു