
അടിമാലി: അജൈവ പാഴ് വസ്തുക്കൾ വീടുകളിലെത്തി ശേഖരിച്ച് കൊന്നത്തടി ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ മാതൃകയായി. സംസ്ഥാനത്ത് ഇത്തരത്തിൽ പ്രഖ്യാപനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് കൊന്നത്തടി.
പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പദവിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹരിതകർമ്മ സേനയുടെ പ്രവർത്തനം പഞ്ചായത്ത് പരിധിയിലെ 19 വാർഡുകളിലെ മുഴുവൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുംഎത്തിക്കാനായി. 2022 ജൂലായിൽ 6344 വീടുകളിൽ നിന്നും 422 കടകളിൽ നിന്നുമായി 3,23,600 രൂപ യുസർ ഫീസിനത്തിൽ ശേഖരിച്ചു. വീടുകൾക്ക് 50 രൂപയും കടകൾക്ക് 100 രൂപയുമാണ് യൂസർഫീസ് ഈടാക്കുന്നത്. ഇങ്ങനെ ശേഖരിച്ച അജൈവ മാലിന്യ വസ്തുക്കൾ പിന്നീട് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ശരാശരി 8000 രൂപ ഒരു ഹരിതസേനാംഗത്തിന് വേതനമായി നൽകി. ഇതോടൊപ്പം സ്വയം തൊഴിൽ സംരംഭമായ സൂചനാ ബോർഡു നിർമ്മാണം വഴി സേനാംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കാനും സാധിച്ചു എന്നതും പദ്ധതിയുടെ നേട്ടങ്ങളിലൊന്നാണ്.
ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാർഗനിർദേശങ്ങളും പരിശീലനവും നൽകുകയും, പദ്ധതി പ്രവർത്തനങ്ങളുടെ കൃത്യമായ മോണിറ്ററിങ്ങും നടത്തുന്നു.
വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികൾ, വിവിധ ഉദ്യോഗസ്ഥർ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ഭരണസമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ സഹകരണവും സേനാംഗങ്ങളുടെ ഉത്തരവാദിത്തപരമായ
പ്രവർത്തനവുമാണ് നേട്ടത്തിനു പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് പറഞ്ഞു.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിച്ച ശേഷം തരംതിരിച്ച് തദ്ദേശസ്ഥാപന തലത്തിലുള്ള വിഭവ വീണ്ടെടുപ്പ് കേന്ദ്രങ്ങളിൽ (ആർ.ആർ.എഫ്) കൊണ്ടുവരുന്നു. ഇവയെ വീണ്ടും തരംതിരിച്ച് പുനരുപയോഗത്തിനും റോഡ് ടാറിംഗിനും മറ്റുമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.